| Tuesday, 10th November 2026, 7:08 pm

ഏകദിന ക്രിക്കറ്റിനായി അവനെ വളര്‍ത്തിയെടുക്കണം; ഇന്ത്യന്‍ സൂപ്പര്‍ താരത്തെക്കുറിച്ച് മുഹമ്മദ് കൈഫ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ടി-20 ടീമിലെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഏകദിന ക്രിക്കറ്റിലും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഏകദിന ഫോര്‍മാറ്റില്‍ കളിക്കാന്‍ അഭിഷേക് തയ്യാറാണെന്നും താരത്തിന് അവസരം നല്‍കുകയാണ് ഇനി വേണ്ടതെന്നും കൈഫ് പറഞ്ഞു. അഭിഷേകിന്റെ ഏകദിന അരങ്ങേറ്റം വൈകില്ലെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ആദ്യ ആറ് ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കാന്‍ കഴിവുള്ള താരമാണ് അഭിഷേകെന്നും 10 ഓവര്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ എത്രത്തോളം അപകടകാരിയാകുമെന്ന് ചിന്തിക്കണമെന്നും കൈഫ് ചൂണ്ടിക്കാട്ടി.

‘അഭിഷേക് ശര്‍മയുടെ പേര് തീര്‍ച്ചയായും ചര്‍ച്ചകളില്‍ വരേണ്ടതാണ്. ആദ്യ ആറ് ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കാന്‍ കഴിയുന്ന താരമാണ് അദ്ദേഹം. അപ്പോള്‍ 10 ഓവര്‍ ബാറ്റ് ചെയ്യാന്‍ അവന് അവസരം ലഭിച്ചാല്‍ എത്രത്തോളം ആഘാതം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ചിന്തിച്ചുനോക്കൂ.

അവനെപ്പോലൊരു താരം ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും അവന്‍ കളിക്കുന്നില്ല. ഏകദിന ക്രിക്കറ്റിനായി അവനെ വളര്‍ത്തിയെടുക്കണമെന്നാണ് എന്റെ ശക്തമായ അഭിപ്രായം. അദ്ദേഹം അതിന് തയ്യാറാണ്. ഒരു അവസരം മാത്രമാണ് വേണ്ടത്.

ആദ്യ 10 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ താളം കണ്ടെത്തി ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് അത്രത്തോളം ശക്തമായ തുടക്കം നല്‍കാന്‍ സാധിക്കും. ഒരുപക്ഷേ അതില്‍നിന്ന് എതിരാളികള്‍ക്ക് തിരിച്ചുവരാന്‍ പോലും കഴിഞ്ഞേക്കില്ല. അഭിഷേക് ശര്‍മയുടെ ഏകദിന അരങ്ങേറ്റം അധികം വൈകില്ലെന്നാണ് ഞാന്‍ കരുതുന്നത്,’ മുഹമ്മദ് കൈഫ് യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Content Highlight: Mohammed Kaif Talking About Abhishek Sharma
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more