| Saturday, 6th June 2026, 7:36 am

ടി - 20യില്‍ സൂര്യ കോഹ്‌ലിക്ക് തുല്യന്‍; പിന്തുണയുമായി കൈഫ്

ഫസീഹ പി.സി.

ഇന്ത്യന്‍ ടി – 20 ക്യാപ്റ്റനെ കുറിച്ചാണ് ക്രിക്കറ്റ് സര്‍ക്കിളിലെ പ്രധാന ചര്‍ച്ച. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് നീക്കിയെന്നാണ് പുതിയ വിവരം. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇപ്പോള്‍ സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സൂര്യ ഇതിനകം തെളിയിക്കപ്പെട്ട താരമാണെന്നും ടി – 20യില്‍ വിരാട് കോഹ്‌ലിക്ക് തുല്യനാണ് സൂര്യയെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് കൈഫ്, Photo:Cricket Central/x.com

ഫോമില്ലായ്മ എന്നത് ഏതൊരു താരത്തിനും സംഭവിക്കാവുന്ന കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രണ്ട് പരമ്പരകളെങ്കിലും കളിച്ചത്തിന് ശേഷമായിരുന്നു ക്യാപ്റ്റന്‍സി മാറ്റം വരുത്തേണ്ടിയിരുന്നതെന്നും ലോകകപ്പ് ജയിച്ച ക്യാപ്റ്റന് അര്‍ഹിക്കുന്ന ആദരവ് കാണിക്കേണ്ടതുണ്ടെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു.

‘സൂര്യകുമാര്‍ യാദവ് പുതിയൊരു താരമല്ല, അവനൊരു തെളിയിക്കപ്പെട്ട കളിക്കാരനാണ്. കഴിഞ്ഞ ഐ.പി.എല്ലില്‍ അവന്‍ 700 റണ്‍സ് എടുത്തിരുന്നു. ഫോമില്ലായ്മ എന്നത് ഏതൊരു കളിക്കാരനും സംഭവിക്കാവുന്ന ഒന്നാണ്.

രണ്ട് വര്‍ഷത്തോളം വിരാട് കോഹ്‌ലിക്ക് പോലും ഫോമില്ലായിരുന്നു. പക്ഷേ അദ്ദേഹം വീണ്ടും ഫോമിലേക്ക് തിരിച്ചുവരുമെന്ന വിശ്വാസം ടീമിന് ഉണ്ടായിരുന്നു. ടി – 20യില്‍ കോഹ്‌ലിക്ക് തുല്യനാണ് സൂര്യ, ഒട്ടും പിന്നിലല്ല.

ലോകകപ്പില്‍ സൂര്യ തിളങ്ങിയിട്ടില്ല എന്നത് സത്യമാണ്. പക്ഷേ, അവനൊരു ലൈറ്റ് പ്ലെയറല്ല. ഏതൊരു താരത്തിനും മോശം സമയമുണ്ടാകാം. കോഹ്‌ലിക്ക് മോശം സമയമുണ്ടായപ്പോള്‍ പിന്തുണ ലഭിച്ചിരുന്നു. ഒന്ന് രണ്ട് പരമ്പരകള്‍ക്ക് ശേഷമായിരുന്നു സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റേണ്ടിയിരുന്നത്. കുറഞ്ഞപക്ഷം, ടീമിനെ വിജയത്തിലേക്ക് നയിച്ച ഒരു ക്യാപ്റ്റനോട് കുറച്ചെങ്കിലും ആദരവ് കാണിക്കേണ്ടതുണ്ട്,’ കൈഫ് പറഞ്ഞു.

സൂര്യകുമാർ യാദവ്.

ടി – 20യില്‍ സൂര്യക്ക് 9729 റണ്‍സുണ്ട്. അതില്‍ 3272 റണ്‍സും ഇന്ത്യന്‍ കുപ്പായത്തിലാണ്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തോളം താരത്തിന് കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചിരുന്നില്ല. 2026 ടി – 20 ലോകകപ്പിലും ഐ.പി.എല്‍ 2026 ഐ.പി.എല്ലിലും താരത്തിന് തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് ക്യാപ്റ്റന്‍സിയില്‍ നിന്നും താരത്തിനെ മാറ്റാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.

Content Highlight: Mohammed Kaif says that Suryakumar Yadav is on par with Virat Kohli in T20s

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more