| Monday, 2nd March 2026, 9:03 pm

സഞ്ജുവിന്റെ ഇന്നിങ്‌സിന്റെ ക്രെഡിറ്റ് ഈ ടീമിനാണ്: മുഹമ്മദ് കൈഫ്

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെയുള്ള സഞ്ജു സാംസണിന്റെ ഇന്നിങ്‌സിന്റെ ക്രെഡിറ്റ് പരിധി വരെ സൗത്ത് ആഫ്രിക്കക്കാണെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സൗത്ത് ആഫ്രിക്കയോട് ഏറ്റ കനത്ത തോല്‍വിയാണ് ഇന്ത്യന്‍ ടീമിന്റെ കോമ്പിനേഷനില്‍ മാറ്റം വരാന്‍ കാരണമെന്നും ടീമിലെ ഇടം കൈയ്യന്മാരുടെ അതിപ്രസരമുണ്ടാക്കിയ അനിവാര്യതയുമാണ് സഞ്ജുവിന് ടീമിലേക്ക് വഴി തെളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മുമ്പ് ഇന്ത്യയുടെ ചെയ്സിങ്ങില്‍ വിരാട് കോഹ്ലിയാണ് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ സഞ്ജു ആ ചരിത്രം തിരുത്തി കുറിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

Photo: MohammedKaif/facebook.com

‘സഞ്ജു സാംസണിന്റെ ഇന്നിങ്‌സിന്റെ ക്രെഡിറ്റ് ഒരു പരിധി വരെ സൗത്ത് ആഫ്രിക്കക്കും നല്‍കണം. അവരോടേറ്റ കനത്ത തോല്‍വിയാണ് ടീം കോമ്പിനേഷനില്‍ മാറ്റം വരുത്താന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.

ടീമിലെ ഇടം കൈയ്യന്‍ താരങ്ങളുടെ അതിപ്രസരം കാരണം സഞ്ജുവിന് അവസരം നല്‍കണമെന്ന് ടീമിന് തോന്നി. അത്തരമൊരു അനിവാര്യതയില്‍ നിന്നാണ് അവന്‍ ടീമിലെത്തിയത്. പിന്നാലെ ഈ ചരിത്ര ഇന്നിങ്സും പിറന്നു. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഇന്ത്യ 195 റണ്‍സ് ചെയ്സ് ചെയ്തിട്ടില്ല.

വിരാട് കോഹ്ലിയുടെ കരുത്തില്‍ ടീം മുമ്പ് 160കള്‍ പിന്തുടര്‍ന്ന് ജയിച്ചിട്ടുണ്ട്. ഇപ്പോള്‍ വിരാടിന് ശേഷം സഞ്ജു ആ റോള്‍ ഏറ്റെടുത്ത് ചരിത്രം സൃഷ്ടിച്ചു. ലോകകപ്പിലുടനീളം കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന ഒരു താരമാണ് ഈ നേട്ടം കൈവരിച്ചതെന്നതാണ് ഏറെ പ്രത്യേകത,’ കൈഫ് പറഞ്ഞു.

സഞ്ജു സാംസൺ. Photo: BCCI/x.com

അവസാന സൂപ്പര്‍ 8 മത്സരത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ 196 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് സെമി ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ മടങ്ങിയപ്പോഴും പിടിച്ച് മികച്ച ഇന്നിങ്സ് നടത്തിയ സഞ്ജുവിന്റെ കരുത്തിലായിരുന്നു ടീമിന്റെ വിജയം. താരം 50 പന്തില്‍ പുറത്താവാതെ 97 റണ്‍സാണ് എടുത്തത്.

Content Highlight: Mohammed Kaif says that some of the credit of Sanju Samson’s innings goes to South Africa

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more