| Tuesday, 9th September 2025, 8:13 am

ഏഷ്യ കപ്പ്: ശ്രേയസോ സിറാജോ അല്ല, ഇന്ത്യ ഇവനെ മിസ് ചെയ്യും: മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യയുടെ ചാമ്പ്യന്മാരെ നിര്‍ണയിക്കുന്ന ടൂര്‍ണമെന്ററായ ഏഷ്യാ കപ്പിന് ഇന്ന് തുടക്കമാവും. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനും ഹോങ് കോങ്ങുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ ഇന്ത്യ നാളെയാണ് കളത്തില്‍ ഇറങ്ങുക. പക്ഷേ, ഇന്ത്യയുടെ ടീം കോമ്പിനേഷന്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ഇപ്പോള്‍ നാളെ യു.എ.ഇയെ നേരിടാന്‍ ഒരുങ്ങവെ ഇന്ത്യ വാഷിങ്ടണ്‍ സുന്ദറിനെ മിസ് ചെയ്യുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നീരീക്ഷകനുമായ മുഹമ്മദ് കൈഫ്. താരം ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ നല്‍കുന്ന ബാലന്‍സ് ടീമിന് നഷ്ടമാവുമെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘രോഹിത് ശര്‍മ ടി -20 ലോകകപ്പില്‍ അക്സര്‍, ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നീ മൂന്ന് ഓള്‍റൗണ്ടര്‍മാരെ വെച്ചാണ് ജയിച്ചത്. അതായത് അവര്‍ക്ക് ആറ് ബൗളിങ് ഓപ്ഷനുണ്ടായിരുന്നു. കൂടാതെ,എട്ടാം നമ്പര്‍ വരെ ബാറ്റര്‍മാരും.

പക്ഷേ, ഏഷ്യ കപ്പില്‍ രണ്ട് യഥാര്‍ത്ഥ ഓള്‍റൗണ്ടര്‍മാര്‍ മാത്രമാണുള്ളത്. ഹര്‍ദിക്കും അക്‌സറും. അതിനാല്‍ തന്നെ ഇന്ത്യ പുതിയ വിന്നിങ് കോമ്പിനേഷന്‍ കണ്ടെത്തേണ്ടതുണ്ട്. വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ ടൂര്‍ണമെന്റില്‍ മിസ് ചെയ്യും,’ കൈഫ് പറഞ്ഞു.

ഇന്ത്യ ഏഷ്യാ കപ്പില്‍ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. തുടര്‍ച്ചയായ രണ്ടാം കിരീടം മോഹിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും കീഴിയിലാണ് കളിക്കളത്തില്‍ ഇറങ്ങുന്നത്. ടൂര്‍ണമെന്റിനായി ദുബായിലെത്തിയ ടീം അവസാന ഘട്ട പരിശീലനത്തിലാണ്.

മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ വിക്കറ്റ് കീപ്പറായി ഇടം പിടിച്ചിട്ടുണ്ടെങ്കിലും പ്ലെയിങ് ഇലവനില്‍ എത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കളത്തില്‍ ഇറങ്ങിയാല്‍ തന്നെ ഏത് റോളിലാവും താരം എത്തുകയെന്നും അറിയാൻ ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രൂപ്പ് എയിലാണ് ഇടം പിടിച്ചിട്ടുള്ളത്. പതിവ് പോലെ ചിരവൈരികളായ പാകിസ്ഥാനും ഇതേ ഗ്രൂപ്പില്‍ തന്നെയാണ്. ഒമാന്‍, യു.എ.ഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. സെപ്റ്റംബര്‍ 10ന് ശേഷം സെപ്റ്റംബര്‍ 14നും 19നുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍. പാകിസ്ഥാനും ഒമാനുമാണ് ഈ മത്സരങ്ങളിലെ എതിരാളികള്‍.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Mohammed Kaif says that Indian team would miss Washington Sundar in Asia Cup

We use cookies to give you the best possible experience. Learn more