| Wednesday, 25th March 2026, 10:13 pm

മുംബൈ നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളികള്‍ എണ്ണിപ്പറഞ്ഞ് കൈഫ്

ഫസീഹ പി.സി.

ഐ.പി.എല്‍ 2026 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിന്റെ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റില്‍ ആശങ്ക പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. മുംബൈയുടെ സ്പിന്‍ യൂണിറ്റില്‍ വലിയൊരു വിടവുണ്ടെന്നും ടീമില്‍ മികച്ച ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇല്ലാത്തത് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയുടെ ഇന്ത്യന്‍ ലെഗ് സ്പിന്നറായ മായങ്ക് മാര്‍ക്കണ്ഡേയെ ഒരു മാച്ച് വിന്നറായി പരിഗണിക്കാനാവില്ലെന്നും മിച്ചല്‍ സാന്റനറിനെ എല്ലാ മത്സരങ്ങളില്‍ ഇറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

മുഹമ്മദ് കൈഫ്.

‘മുംബൈ ഇന്ത്യന്‍സിന്റെ സ്പിന്‍ നിരയില്‍ വലിയൊരു വിടവുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ക്ക് എല്ലാ മത്സരത്തിലും സാന്റ്‌നറെ (മിച്ചല്‍) കളിപ്പിക്കാനാവില്ല. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് വില്‍ ജാക്സിനെയോ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിനെയോ പുറത്തിരുത്തേണ്ടി വരും. തുടക്കത്തില്‍ സാന്റ്‌നറിനെയോ മായങ്ക് മാര്‍ക്കണ്ഡേയെയോ കളിപ്പിക്കാം.

എല്ലാ ടീമിലും ഇന്ത്യന്‍ സ്പിന്നര്‍മാരുണ്ട്. അതിന് ടീമിന് ബാലന്‍സ് നല്‍കും. മാര്‍ക്കണ്ഡേ ടീമിലുണ്ടെങ്കിലും മുംബൈയ്ക്ക് എത്രത്തോളം അവനില്‍ വിശ്വാസമര്‍പ്പിക്കാന്‍ കഴിയുമെന്ന് അറിയില്ല. അവന്‍ ഇതുവരെ ഒരു മാച്ച് വിന്നറാണെന്ന് തെളിയിച്ചിട്ടില്ല. അത് മുംബൈയ്ക്ക് തിരിച്ചടിയാണ്,’ കൈഫ് പറഞ്ഞു.

മായങ്ക് മാർക്കണ്ഡേ. Photo: Mumbai Indians

2026 ഐ.പി.എല്ലില്‍ മുംബൈ ടീമില്‍ പരിചയ സമ്പന്നരായ ഇന്ത്യന്‍ സ്പിന്നര്‍ വളരെ കുറവാണ്. മായങ്ക് മാര്‍ക്കണ്ഡേ മാത്രമാണുള്ളത് എടുത്ത് പറയത്തക്ക സ്പിന്നര്‍. സ്പിന്നര്‍മാരായി ടീമിലുള്ളതെല്ലാം യുവതാരങ്ങളാണ്.

പരിചയ സമ്പത്തുള്ള സ്പിന്നറായി ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുണ്ടെങ്കിലും ഒരു മത്സരത്തില്‍ നാല് വിദേശ താരങ്ങളെ മാത്രം കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നത് മുംബൈയ്ക്ക് തിരിച്ചടിയാണ്. ബാറ്റിങ്ങില്‍ ടീമിന് കരുത്തേകുന്ന വില്‍ ജാക്സ്, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, കോര്‍ബിന്‍ ബോഷ് എന്നിവരുടെ സാന്നിധ്യം കൊണ്ട് സാന്റനറിനെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് കൈഫിന്റെ നിരീക്ഷണം.

അതേസമയം, മാര്‍ച്ച് 29നാണ് മുംബൈയുടെ ആദ്യ മത്സരം. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍.

Content Highlight: Mohammed Kaif says Mumbai Indians does not have proven Indian spinner and it is weakness of their team

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more