| Wednesday, 25th March 2026, 7:47 pm

ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതല്ല, രോഹിത്തിന്റെ കാര്യത്തിൽ മുംബൈ എടുത്ത ആ തീരുമാനം തെറ്റ്: കൈഫ്

ഫസീഹ പി.സി.

രോഹിത് ശര്‍മയെ ഇംപാക്ട് പ്ലെയറായി ഇറക്കിയതാണ് കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യയ്ക്ക് പറ്റിയ വലിയ പിഴവെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ രോഹിത്തിന്റെ സാന്നിധ്യം മൈതാനത്ത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

2025 ക്വാളിഫയറില്‍ ശ്രേയസ് അയ്യര്‍ തകര്‍ത്തടിച്ചപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും രോഹിത്തായിരുന്നെങ്കില്‍ ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

മുഹമ്മദ് കൈഫ്.

‘രോഹിത് ശര്‍മ ഗ്രൗണ്ടില്‍ ഇല്ലാതിരുന്നതാണ് മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ സീസണില്‍ നടത്തിയ വലിയ പിഴവ്. അവനെ ഇംപാക്ട് പ്ലെയറായി അല്ല ഉപയോഗിക്കേണ്ടത്. അവന്‍ അഞ്ച് ഐ.പി.എല്‍ ട്രോഫികള്‍, ഐ. സി. സി ചാമ്പ്യന്‍സ് ട്രോഫി, ടി – 20 ലോകകപ്പ് എന്നിവയെല്ലാം ക്യാപ്റ്റനായി നേടിയിട്ടുണ്ട്.

ഹര്‍ദിക് പാണ്ഡ്യ നല്ല രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യും. എന്നാല്‍, കഴിഞ്ഞ സീസണില്‍ ക്വാളിഫയര്‍ രണ്ടില്‍ ശ്രേയസ് അയ്യര്‍ തകര്‍ത്തടിച്ചപ്പോള്‍ അവന് എന്താണ് ചെയ്യേണ്ടതെന്ന ധാരണയുണ്ടായിരുന്നില്ല. ആ മത്സരത്തില്‍ അശ്വനി (കുമാര്‍) 60 റണ്‍സിന് അടുത്ത് വഴങ്ങി.

അത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍, ഒരു ബൗളര്‍ പന്തെറിയുമ്പോള്‍ രോഹിത് അരികിലുണ്ടെങ്കില്‍ അത് വലിയൊരു ആശ്വാസമാണ്. ഒരു പുഞ്ചിരിയോടെ അവന്‍ നല്‍കുന്ന നിര്‍ദേശങ്ങളും അല്ലെങ്കില്‍ ഒരു നോട്ടം പോലും വലിയ മാറ്റമുണ്ടാക്കും. അങ്ങനെ എത്രയോ തവണ ബൗളര്‍മാരോട് സംസാരിച്ച് രോഹിത് മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്. അവന്‍ ശരിക്കും ബൗളര്‍മാരുടെ നായകനാണ്,’ കൈഫ് പറഞ്ഞു.

രോഹിത് ശർമ. Photo: Mumbai Indians

രോഹിത്തിനെ ഇംപാക്ട് പ്ലെയറായി ഇറക്കുന്ന തെറ്റായ തീരുമാനം മുംബൈ ആവര്‍ത്തിക്കരുതെന്നും കൈഫ് പറഞ്ഞു. ഹര്‍ദിക് തന്നെ കോച്ചിനോടും ടീം മാനേജ്‌മെന്റിനോടും രോഹിത്തിനെ ഫീല്‍ഡില്‍ വേണമെന്ന് ആവശ്യപ്പെടണം.

പ്രതിസന്ധി ഘട്ടങ്ങളില്‍ സംസാരിക്കാന്‍ രോഹിത്തിനെ പോലെ ഒരാളെ ആവശ്യമാണ്. ലോകകപ്പ് നേടിയ മറ്റൊരു ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പമുണ്ട്. പക്ഷേ, രോഹിത്തിന്റെ അനുഭവസമ്പത്ത് കൂടുതല്‍ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Mohammed Kaif says making Rohit Sharma an impact player was a wrong decision of MI in last IPL season

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more