| Wednesday, 12th November 2025, 8:43 am

താരങ്ങളെ വളര്‍ത്തിയെടുക്കാനാണ് എന്നത് വെറും അസംബന്ധം, എല്ലാം ബിസിനസ് മാത്രം; ആഞ്ഞടിച്ച് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ തീര്‍ത്തും ബിസിനസാണെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. താരങ്ങളെ വളര്‍ത്തിയെടുക്കാനോ ആര്‍ക്കെങ്കിലും ഉപകാരം ചെയ്യാനോ അല്ല, മറിച്ച് എല്ലാവരും ബിസിനസ് മൈന്‍ഡോടെ മാത്രമാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും കൈഫ് പറഞ്ഞു. ഐ.പി.എല്‍ 2026 മിനി താരലേലത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരാട് കോഹ്‌ലി എന്ന ക്രിക്കറ്ററേക്കാള്‍, വിരാട് എന്ന ബ്രാന്‍ഡിനെയാണ് ടീമുകള്‍ക്ക് വേണ്ടതെന്നും കൈഫ് പറഞ്ഞു. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരില്‍ ബുംറയ്ക്കായിരിക്കും ലേലത്തില്‍ ഏറ്റവുമധികം വില ലഭിക്കാന്‍ സാധ്യതയെന്നും കൈഫ് അഭിപ്രായപ്പെട്ടു.

‘ഈ മൂന്ന് പേരില്‍ ജസ്പ്രീത് ബുംറയ്ക്കായിരിക്കും ഏറ്റവുമധികം തുക ലഭിക്കുക. വണ്‍സ് ഇന്‍ എ ജെനറേഷന്‍ താരമായതിനാല്‍ ബുംറയ്ക്ക് ഏറെ പണം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു. അവന്‍ വളരെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഒരു ബാറ്റര്‍ എന്ന നിലയില്‍ വിരാടിനെ പരിഗണിക്കുമ്പോള്‍, അവനെ പോലെ മറ്റ് താരങ്ങളെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. എന്നാല്‍ വിരാട് എന്ന ബ്രാന്‍ഡ്, അത് എക്കാലവും അതുപോലെ തന്നെ തുടരും. നിലവില്‍ വിരാട് എന്ന ബ്രാന്‍ഡിന് വളരെയധികം മൂല്യമുണ്ട്.

നോക്കൂ, ഏതൊരു ടീം ഐ.പി.എല്ലിന്റെ ഭാഗമാവുകയോ ടീമിനെ വാങ്ങുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും ബിസനസ് ചെയ്യാന്‍ വേണ്ടി മാത്രമാണ്. അവര്‍ പണമിറക്കിയിട്ടുണ്ട്, അവര്‍ക്കത് തിരിച്ചുപിടിച്ചേ മതിയാകൂ. ഇത് അത്രയും ലളിതമാണ്.

അവര്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ ഉപകാരം ചെയ്യാനോ താരങ്ങളെ വളര്‍ത്തിയെടുക്കാനോ അല്ല ഇവിടെയെത്തിയിട്ടുള്ളത്. അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും അസംബന്ധമാണ്. അവര്‍ ബിസിനസ് ചെയ്യാന്‍ വേണ്ടി മാത്രമാണ് എത്തിയിരിക്കുന്നത്,’ കൈഫ് പറഞ്ഞു.

‘വിരാട് എന്ന ബ്രാന്‍ഡിന് വളരെയധികം മൂല്യമുണ്ട്, ഇക്കാരണം കൊണ്ടാണ് ടീമുകള്‍ അവനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. കോഹ്‌ലി അവര്‍ക്കൊപ്പമുണ്ടാകുന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കും. എന്നാല്‍ ഇവര്‍ മൂന്നിലും ഏറ്റവും മികച്ച മാച്ച് വിന്നറാരാണ് എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ ബുംറയുടെ പേര് തന്നെ പറയും,’ കൈഫ് കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 15ന് മുന്നോടിയായി ഓരോ ടീമുകളും അവര്‍ നിലനിര്‍ത്തുന്നതും റിലീസ് ചെയ്യുന്നതുമായ താരങ്ങളുടെ പട്ടിക പ്രഖ്യാപിക്കേണ്ടതുണ്ട്. നിലവില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളായ രോഹിത് ശര്‍മയെയും ജസ്പ്രീത് ബുംറയെയും ടീം നിലനിര്‍ത്തിയേക്കും.

അടുത്ത മാസം 15നോ 16നോ ആകും മിനി താരലേലം. അബുദാബിയാണ് വേദി.

Content Highlight: Mohammed Kaif says  IPL is just business

We use cookies to give you the best possible experience. Learn more