ഇംഗ്ലണ്ടിനെതിരെ അഭിഷേക് ശര്‍മക്കും സഞ്ജു സാംസണിനും വൈഭവ് സൂര്യവംശിക്കും ഒരുമിച്ച് ഇലവനില്‍ അവസരം നല്‍കേണ്ടിയിരുന്നവെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സഞ്ജുവും വൈഭവും ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിക്കേണ്ടവരായിരുന്നുവെന്നും എന്നാല്‍ ഒറ്റ മത്സരത്തിന് ശേഷം സഞ്ജുവിനെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ടി – 20 ലോകകപ്പില്‍ ഇതേ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കെതിരെ തകര്‍ത്തടിച്ച സഞ്ജുവിനെയാണ് ഒഴിവാക്കിയതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.
മുഹമ്മദ് കൈഫ്, Photo: google/probatsman
‘അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി എന്നിവര്‍ മൂന്നുപേര്‍ക്കും മികച്ച ഇലവനില്‍ സ്ഥാനം നല്‍കേണ്ടതായിരുന്നു. സഞ്ജുവും വൈഭവും ഒന്നിച്ച് കളിക്കേണ്ടവരായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഒരേയൊരു മത്സരത്തിന് ശേഷം സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കി.
ടി – 20 ലോകകപ്പ് സെമിഫൈനലില്‍ ഇതേ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെയാണ് നിങ്ങള്‍ ഒഴിവാക്കിയത് എന്ന് ഓര്‍ക്കണം. അവന് സിംബാബ്വെ പര്യടനത്തിലും അവസരം നല്‍കിയില്ലെങ്കില്‍, പിന്നെ എന്തുകൊണ്ട് വൈഭവിനെ കളിപ്പിച്ചില്ല? ഇവിടെ പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്,’ കൈഫ് പറഞ്ഞു.
നിലവിലെ ഇന്ത്യന്‍ മാനേജ്‌മെന്റിന് കീഴില്‍ ടീം ഇത്തരത്തില്‍ തോല്‍ക്കുന്നത് ആദ്യമല്ലെന്നും ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ പരമ്പരകളിലും പരാജയപ്പെട്ടിട്ടുണ്ടെന്നും കൈഫ് പറഞ്ഞു. വൈഭവ് തീര്‍ച്ചയായും നിരാശനായിരിക്കും. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു എന്ന് എനിക്കറിയാം.
എന്നാല്‍ അവന്‍ ടീമില്‍ ഇടംപിടിക്കാന്‍ യോഗ്യനല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കില്ല. ഐ.പി.എല്ലില്‍ 750 റണ്‍സ് നേടിയത് വെറുതെയല്ലല്ലോ. അവന്‍ ആദ്യം അയര്‍ലാന്‍ഡില്‍ കളിക്കേണ്ടതായിരുന്നു. ഒരാള്‍ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ഒരിക്കലും അവരെ വിശ്രമിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Mohammed Kaif says India should have made a place for Abhishek Sharma, Sanju Samson, and Vaibhav Sooryavanshi together in your best XI