| Tuesday, 23rd December 2025, 11:16 am

സൂര്യയും ഗില്ലും ഒരുപോലെയല്ല, അവന്റെ ലീഗ് വേറെയാണ്; ഫോമില്ലാത്ത ക്യാപ്റ്റനെ പിന്തുണച്ച് കൈഫ്

ഫസീഹ പി.സി.

2026 ലോകകപ്പിനുള്ള സ്‌ക്വാഡിനെ ബി.സി.സി.ഐ ഡിസംബര്‍ 20ന് പ്രഖ്യാപിച്ചിരുന്നു. ടീം വിവരം പുറത്ത് വന്നപ്പോള്‍ ആരാധകരെയടക്കം ഒരുപോലെ ഞെട്ടിച്ചതായിരുന്നു ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയത്. എന്നാല്‍, അപ്പോഴും മാസങ്ങളായി റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിലനിര്‍ത്തി.

സൂര്യകുമാർ യാദവും ശുഭ്മൻ ഗില്ലും.Photo: Thecricketweb/x.com

ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സൂര്യയുടെയും ഗില്ലിന്റെയും കാര്യങ്ങള്‍ വ്യത്യസ്തമാണെന്നും ടി – 20യില്‍ മികവ് തെളിയിച്ച താരമാണ് സൂര്യയെന്നും അദ്ദേഹം പറഞ്ഞു.

സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ അതേ ക്യാറ്റഗറിയിലാണ് സൂര്യയും വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

മുഹമ്മദ് കൈഫ്. Photo: Pushkar/x.com

‘ഗില്ലിന്റെയും സൂര്യയുടെയും കാര്യങ്ങള്‍ വ്യത്യസ്തമാണ്. ടി – 20യില്‍ തെളിയിക്കപ്പെട്ട ഒരു മാച്ച് വിന്നറാണ് സൂര്യ. അവന്‍ ടീമിനായി മത്സരങ്ങള്‍ വിജയിപ്പിക്കുകയും ഐ.സി.സി റാങ്കിങ്ങില്‍ മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ട് പേരെയും ഇവിടെ താരതമ്യം ചെയ്യരുത്. ഈ ഫോര്‍മാറ്റില്‍ ഗില്ലിന് തെളിയിക്കേണ്ടതുണ്ട്.

സൂര്യയും കോഹ്ലിയും ഒരേ ക്യാറ്റഗറിയാണെന്നാണ് എനിക്ക് തോന്നുന്നത്. കോഹ്ലിയ്ക്ക് കോവിഡ് കാലത്ത് റണ്‍സ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പക്ഷേ, പത്ത് വര്‍ഷത്തിന്റെ മാച്ച് വിന്നിങ് അനുഭവ പരിചയമുള്ളതിനാല്‍ തന്നെ അദ്ദേഹത്തെ ടീം പിന്തുണച്ചു.

അതോടെ കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തി. അതുപോലെ തന്നെയാണ് സൂര്യയും. ഗില്‍ ഈ ഫോര്‍മാറ്റില്‍ സൂര്യയുടെ അടുത്ത് പോലും എത്തില്ല. ഫോമില്ലാത്തതിനാല്‍ ഇരുവരെയും ഒഴിവാക്കണം എന്ന് പറയുന്നത് ശരിയല്ല. സൂര്യ ഈ സ്ഥാനം നേടിയെടുത്തതാണ്,’ കൈഫ് പറഞ്ഞു.

Content Highlight: Mohammed Kaif says that we can’t compare Suryakumar Yadav and Shubhman Gill in T20 cricket

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more