| Friday, 2nd October 2026, 5:38 pm

പത്ത് ഡബിള്‍ സെഞ്ച്വറികള്‍ വരെ അദ്ദേഹം നേടും: സൂപ്പര്‍ താരത്തെക്കുറിച്ച് മുഹമ്മദ് കൈഫ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് മുഹമ്മദ് കൈഫ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഗില്‍ തന്റെ കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ രണ്ട് ഡബിള്‍ സെഞ്ച്വറികളില്‍ ഗില്‍ നിര്‍ത്തുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് കൈഫ് പറഞ്ഞു. ഗില്ലിന് പത്ത് ഡബിള്‍ സെഞ്ച്വറികള്‍ വരെ നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

‘രണ്ട് ഡബിള്‍ സെഞ്ച്വറികളില്‍ ഗില്‍ നിര്‍ത്തുമെന്ന് തോന്നുന്നില്ല. ഈ ഫോര്‍മാറ്റില്‍ കുറഞ്ഞത് ഒരു ദശാബ്ദമെങ്കിലും അദ്ദേഹം കളിക്കുമെന്ന് ഞാന്‍ കരുതുന്നു. അതിനിടെ പത്ത് ഡബിള്‍ സെഞ്ച്വറികള്‍ വരെ ഗില്‍ നേടും. ബാറ്റിങ്ങില്‍ വലിയ വൈവിധ്യമുള്ള ഷോട്ടുകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ട്.

ക്രിക്കറ്റിലെ ബാറ്റര്‍മാര്‍ക്ക് കളിക്കാവുന്ന എല്ലാ ഷോട്ടുകളും കളിക്കാന്‍ അദ്ദേഹത്തിന് കഴിയും. അതുകൊണ്ടുതന്നെയാണ് ടി-20 ക്രിക്കറ്റില്‍ കാണുന്ന ഫാന്‍സി ഷോട്ടുകളുടെ അമിത ഉപയോഗമില്ലാതെയും ഗില്‍ റണ്‍സ് നേടുന്നത്. കൂടുതല്‍ കാലം കളിക്കണമെന്ന വലിയ ആഗ്രഹം അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് ഗില്‍ ഇവിടെ നിര്‍ത്താന്‍ പോകുന്നില്ല,’ തന്റെ യൂട്യൂബ് ചാനലില്‍ അദ്ദേഹം പറഞ്ഞു.ശുഭ്മന്‍ ഗില്‍ ഡബിള്‍ സെഞ്ച്വറി നേടിയപ്പോള്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 406 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും കരുത്തില്‍ ഇന്ത്യ 39 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയുമായാണ് ഗില്‍ തിളങ്ങിത്. 133 പന്തില്‍ നിന്നും പുറത്താകാതെ 223 റണ്‍സുമായാണ് ഗില്‍ കരുത്തുകാട്ടി. 26 ഫോറും എട്ട് സികസറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 75 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. നാളെയാണ് (ഒക്ടോബര്‍ മൂന്ന്) പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Mohammed Kaif Praises Indian Captain Shubhman Gill
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more