| Tuesday, 5th May 2026, 2:34 pm

ഇത് അവന്റെ പുതിയ അവതാരം; സൂപ്പർ താരത്തെ കുറിച്ച് കൈഫ്

ഫസീഹ പി.സി.

ദൽഹി ക്യാപിറ്റൽസ് ഓപ്പണർ കെ.എൽ രാഹുലിനെ പ്രശംസിച്ച് മുഹമ്മദ് കൈഫ്. ഇത്തവണ കെ.എൽ രാഹുലിന്റെ പുതിയൊരു പതിപ്പാണ് നമ്മൾ കാണുന്നതെന്നും മുമ്പ് മോശം സ്ട്രൈക്ക് റേറ്റിന് വിമർശനം കേട്ട താരം ടെക്‌നിക്കുകളിൽ മാറ്റം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോളുള്ളത് രാഹുലിന്റെ പുതിയ അവതാരമാണെന്നും പഞ്ചാബ് കിങ്സിനെതിരെ നടന്ന മത്സരത്തിൽ യുസ്വേന്ദ്ര ചഹലിനെതിരെ നടത്തിയ പ്രകടനം ഇതിന് ഉദാഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു കൈഫ്.

മുഹമ്മദ് കൈഫ്.

‘നമ്മൾ ഇപ്പോൾ അവന്റെ (കെ.എൽ. രാഹുൽ) പുതിയൊരു പതിപ്പാണ് കാണുന്നത്. മുമ്പ് മോശം സ്ട്രൈക്ക് റേറ്റിനും മെല്ലെപോക്കിനും അവൻ വിമർശനങ്ങൾ കേട്ടിരുന്നു. അവസാന രണ്ട് വർഷങ്ങളിൽ അവൻ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തിയിട്ടുണ്ട്.

രാഹുലിപ്പോൾ പവർ പ്ലേയിൽ ബൗണ്ടറികൾ അടിക്കുന്നതും സമ്മർദമില്ലാതെ കളിക്കുന്നതും കാണാം. അതിന് ശേഷവും അതെ ആവേശത്തോടെ തന്നെ അവൻ ബാറ്റ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മൾ അവന്റെ പുതിയൊരു അവതാരമാണ് കാണുന്നത്.

രാഹുൽ തന്റെ ടെക്‌നിക്കിൽ ചെറുതായി മാറ്റം വരുത്തിയിട്ടുണ്ട്. സ്പിന്നിനെതിരെ അവൻ കാലുകൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നുണ്ട്. പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിൽ ചഹലിനെതിരെ (യുസ്വേന്ദ്ര) നടത്തിയ പ്രകടനം അതിന് ഉദാഹരണമാണ്. തൻറെ കളി മെച്ചപ്പെടുത്താൻ രാഹുൽ ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്,’ കൈഫ് പറഞ്ഞു.

കെ.എൽ രാഹുൽ. Photo: IndianPremierLeague/x.com

ഈ സീസണിൽ രാഹുൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇതുവരെ ഒമ്പത് മത്സരങ്ങളിൽ കളിച്ച താരം 433 റൺസെടുത്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറികളുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. പഞ്ചാബിനെതിരെ പുറത്താവാതെ നേടിയ 152 റൺസാണ് ദൽഹി ഓപ്പണറുടെ ഈ സീസണിലെ ഉയർന്ന സ്കോർ.

അതേസമയം, ഇന്ന് (മെയ് അഞ്ച്) രാഹുലും ദൽഹിയും ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാൻ ഒരുങ്ങുകയാണ്. സ്വന്തം തട്ടകമായ അരുൺ ജെയ്‌റ്റിലി സ്റ്റേഡിയമാണ് വേദി.

Content Highlight: Mohammed Kaif praises DC’ opener KL Rahul’s performance in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more