| Thursday, 27th August 2026, 3:30 pm

ഇന്ത്യന്‍ ടീം ഈ മത്സരം ശ്രീലങ്കയ്ക്ക് സമ്മാനിച്ചിരിക്കുകയാണ്; തുറന്നടിച്ച് കൈഫ്

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക 290ന് ഓള്‍ ഔട്ട് ആകുകയും ഫോളോ ഓണിന് നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. നിലവില്‍ ബാറ്റുചെയ്യുന്ന ശ്രീലങ്ക മികച്ച ബാറ്റിങ് പ്രകടനമാണ് നടത്തുന്നത്.

133 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സാണ് ലങ്ക നേടിയത്. ഫോളോ ഓണില്‍ നിലവില്‍ 170 റണ്‍സിന്റെ ലീഡാണ് ലങ്കയ്ക്കുള്ളത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മോശം പ്രകടനമാണ് നടത്തുന്നതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ആദ്യ സെഷനില്‍ തന്നെ മത്സരം അവസാനിക്കേണ്ടതായിരുന്നുവെന്നും ബൗളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്തിയില്ലെന്നും കൈഫ് ചൂണ്ടിക്കാട്ടി. ഫോളോഓണ്‍ സാഹചര്യം കണക്കിലെടുത്ത് ബൗളര്‍മാര്‍ ക്ഷീണിതരായിരുന്നുവെന്ന് പറഞ്ഞ് ന്യായീകരിക്കാനും സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇന്ത്യന്‍ ടീം ഈ മത്സരം ശ്രീലങ്കയ്ക്ക് സമ്മാനിച്ചിരിക്കുകയാണ്. ഇന്ന് ആദ്യ സെഷനില്‍ തന്നെ മത്സരം അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താനുള്ള മികവ് ഇല്ലാതായി.
നീണ്ട സ്‌പെല്ലുകളും ഫോളോഓണ്‍ സാഹചര്യവും കാരണം ബൗളര്‍മാര്‍ ക്ഷീണിതരായിരുന്നുവെന്ന് ചിലര്‍ പറയുന്നുണ്ട്.

എന്നാല്‍ ക്ഷീണം പറഞ്ഞ് ഇതിനെ ന്യായീകരിക്കാനാകില്ല. കഴിഞ്ഞ മൂന്ന്-നാല് വര്‍ഷത്തിനിടെ ഇന്ത്യന്‍ ബൗളര്‍മാര്‍ എത്ര തവണയാണ് തുടര്‍ച്ചയായി രണ്ട് ഇന്നിങ്‌സുകളില്‍ പന്തെറിഞ്ഞിട്ടുള്ളത്? സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 200 ടെസ്റ്റുകള്‍ കളിച്ചത് വിശ്രമമെടുക്കാതെയും ‘ഞാന്‍ ക്ഷീണിതനാണ്’ എന്നൊന്നും പറയാതെയുമാണ്.

ഒരു സീസണ്‍ മുഴുവന്‍ ഐ.പി.എല്‍ കളിക്കാന്‍ കഴിയുമ്പോള്‍, അഞ്ച് ദിവസം നീളുന്ന ഒരു ടെസ്റ്റ് മത്സരം കളിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? ഇന്ത്യന്‍ ബൗളര്‍മാര്‍ ഇതിലും മികച്ച പ്രകടനം പുറത്തെടുക്കേണ്ടിയിരുന്നു,’ മുഹമ്മദ് കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

നിലവില്‍ ലങ്കയ്ക്ക് വേണ്ടി ക്രീസിലുള്ളത് സെഞ്ച്വറി നേടിയ (201 പന്തില്‍ 100*) സോനല്‍ ദിനുഷയും 52 പന്തില്‍ രണ്ട് റണ്‍സ് നേടിയ ലാഹിരു കുമാരയുമാണ്. ഇന്ത്യയ്ക്ക് വേണ്ടി മാനവ് സുതര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, സാരാന്‍ഷ് ജെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Mohammed Kaif Criticize Indian Bowlers Poor Performance

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more