| Thursday, 17th July 2025, 9:00 am

ബുംറയെ മനപ്പൂര്‍വം പരിക്കേല്‍പ്പിക്കാനുള്ള ശ്രമം ഇംഗ്ലണ്ട് നടത്തി; ആരോപണവുമായി കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ പരമ്പരയില്‍ 2-1ന് പിന്നിലാണ്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 22 റണ്‍സിന്റെ പരാജയമാണ് സന്ദര്‍ശകര്‍ക്ക് നേരിടേണ്ടി വന്നത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന്  പുറത്തായി. അനായാസം വിജയിക്കാന്‍ സാധിക്കുമെന്ന ഇന്ത്യയുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്.

അവസാന നിമിഷം വരെ പോരാടിയ രവീന്ദ്ര ജഡേജയുടെ അപരാജിത അര്‍ധ സെഞ്ച്വറിക്കും ഇന്ത്യയുടെ തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല.

ഇപ്പോള്‍ ഇന്ത്യയുടെ തോല്‍വിയില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. മത്സരത്തിനിടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സും സൂപ്പര്‍ താരം ജോഫ്രാ ആര്‍ച്ചറും ജസ്പ്രീത് ബുംറയെ മനപ്പൂര്‍വം പരിക്കേല്‍പ്പിക്കാനുള്ള ശ്രമം നടത്തിയെന്നാണ് കൈഫിന്റെ ആരോപണം.

മുഹമ്മദ് കൈഫ്

‘ബുംറയെ പരിക്കേല്‍ക്കപ്പിക്കണമെന്നായിരുന്നു സ്റ്റോക്‌സും ആര്‍ച്ചറും ആഗ്രഹിച്ചത്. ഇരുവരും ബുംറയ്‌ക്കെതിരെ ബൗണ്‍സറുകള്‍ എറിയാന്‍ പദ്ധതിയിട്ടു.

ഇരുവരും ബുംറയുടെ വിരലിനെയും തോള്‍ ഭാഗത്തെയും ലക്ഷ്യം വെച്ചാണ് പന്തെറിഞ്ഞുകൊണ്ടിരുന്നത്. അവനെ പുറത്താക്കാന്‍ സാധിച്ചില്ലെങ്കില്‍ പരിക്കേല്‍പ്പിക്കുക എന്നാണ് അവര്‍ ചിന്തിച്ചത്.

എതിരാളികളുടെ പ്രധാന ബൗളറെ പരിക്കേല്‍പ്പിക്കുക എന്നായിരുന്നു അവര്‍ ആഗ്രഹിച്ചത്. ഇതായിരുന്നു അവരുടെ തന്ത്രം. പിന്നീട് ബുംറയുടെ പുറത്താകലിലൂടെ ഇത് ഫലം കാണുകയും ചെയ്തു,’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ കൈഫ് പറഞ്ഞു.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ നിലവില്‍ 2-1ന് പിന്നിലാണ്. ഈ സാഹചര്യത്തില്‍ മാഞ്ചസ്റ്ററില്‍ നടക്കുന്ന നാലാം മത്സരത്തില്‍ ബുംറ കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പരമ്പരയുടെ തുടക്കത്തില്‍ തന്നെ ബുംറ മൂന്ന് മത്സരങ്ങളില്‍ മാത്രമേ കളിക്കൂ എന്ന് ടീം വ്യക്തമാക്കിയിരുന്നു. ലീഡ്‌സിലെ ആദ്യ മത്സരത്തില്‍ വന്‍ തോല്‍വിയേറ്റുവാങ്ങിയെങ്കിലും എഡ്ജ്ബാസ്റ്റണില്‍ ബുംറയ്ക്ക് വിശ്രമം നല്‍കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ബുംറയുടെ അഭാവത്തിലും ചരിത്രത്തിലാദ്യമായി ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ വിജയം സ്വന്തമാക്കുകയും പരമ്പരയില്‍ ഒപ്പമെത്തുകയും ചെയ്തിരുന്നു.

മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ട് പരമ്പരയില്‍ പിന്നിലായതോടെ നാലാം മത്സരത്തില്‍ ബുംറയോട് കളത്തിലിറങ്ങാന്‍ ടീം ആവശ്യപ്പെടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ജൂലൈ 23നാണ് മത്സരം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡാണ് വേദി.

Content Highlight: Mohammed Kaif alleges Ben Stokes and Jofra Archer tried to injure Jasprit Bumrah in the Lord’s Test

We use cookies to give you the best possible experience. Learn more