| Sunday, 22nd December 2024, 3:31 pm

ഫൈനലില്‍ വിരാടിന്റെ വിക്കറ്റാണ് പാകിസ്ഥാനെ വിജയിപ്പിച്ചത്, അല്ലെങ്കില്‍ കിരീടം കൈവിട്ടുപോകുമായിരുന്നു; വ്യക്തമാക്കി പാക് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ വിരാട് കോഹ്‌ലിയെ പുറത്താക്കാന്‍ സാധിച്ചത് കൊണ്ട് മാത്രമാണ് പാകിസ്ഥാന് കിരീടം നേടാന്‍ സാധിച്ചതെന്ന് പറയുകയാണ് പാക് സൂപ്പര്‍ പേസര്‍ മുഹമ്മദ് ആമിര്‍. വിരാടിന്റെ വിക്കറ്റ് ലഭിച്ചിരുന്നില്ലെങ്കില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുമായിരുന്നു എന്നും ആമിര്‍ പറഞ്ഞു.

‘വിരാട് കോഹ്‌ലിയുടെ വര്‍ക്ക് എത്തിക്‌സാണ് അദ്ദേഹത്തെ മറ്റ് താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനാക്കുന്നത്. 2014ല്‍ ഇംഗ്ലണ്ടിലെ മോശം കാലഘട്ടത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവും ശേഷം പത്ത് വര്‍ഷത്തോളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നതുമെല്ലാം തന്നെ അസാധാരണമായ കാര്യങ്ങളാണ്.

2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ അദ്ദേഹത്തിന്റെ വിക്കറ്റ് ഞങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു. കാരണം അതാണ് ഞങ്ങളെ കിരീടം നേടാന്‍ സഹായിച്ചത്.

ഒരുപക്ഷേ വിരാട് ഔട്ടായിരുന്നില്ലെങ്കില്‍ ഞങ്ങള്‍ ആ ഫൈനല്‍ മത്സരത്തില്‍ തോറ്റുപോകുമായിരുന്നു. കാരണം റണ്‍ ചെയ്‌സില്‍ വിരാടിന്റെ റെക്കോഡുകള്‍ എത്രത്തോളം മികച്ചതാണെന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിവുള്ളതാണ്,’ ഒരു പോഡ്കാസ്റ്റില്‍ ആമിര്‍ പറഞ്ഞു.

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം തോല്‍വികളൊന്നാണ് 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടീമിന് നേരിടേണ്ടി വന്നത്. ഓവലില്‍ വെച്ച് നടന്ന മത്സരത്തില്‍ 180 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് ഏറ്റുവാങ്ങിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്.

സൂപ്പര്‍ താരം ഫഖര്‍ സമാന്റെ സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 106 പന്ത് നേരിട്ട താരം 12 ഫോറും മൂന്ന് സിക്‌സറും അടക്കം 114 റണ്‍സ് സ്വന്തമാക്കി.

ഫഖര്‍ സമാന് പുറമെ അസര്‍ അലിയും മുഹമ്മദ് ഹഫീസും അര്‍ധ സെഞ്ച്വറി നേടി. അസര്‍ അലി 71 പന്തില്‍ 59 റണ്‍സ് നേടിയപ്പോള്‍ 37 പന്തില്‍ പുറത്താകാതെ 57 റണ്‍സാണ് ഹഫീസ് നേടിയത്. ബാബര്‍ അസം 52 പന്തില്‍ 46 റണ്‍സും നേടി.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. മുഹമ്മദ് ആമീറിന്റെ പന്തില്‍ രോഹിത് ശര്‍മ ബ്രോണ്‍സ് ഡക്കായി മടങ്ങി. വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഒമ്പത് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ആമിര്‍ തന്നെയാണ് വിക്കറ്റ് വീഴ്ത്തിയത്.

മൂന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനും യുവരാജ് സിങ്ങും ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഫലമുമുണ്ടായില്ല.

ഹര്‍ദിക് പാണ്ഡ്യയുടെ ഒറ്റയാള്‍ പ്രകടനമാണ് ഇന്ത്യയെ വന്‍ തോല്‍വിയില്‍ നിന്നും കരകയറ്റിയത്. 43 പന്ത് നേരിട്ട താരം ആറ് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 76 റണ്‍സ് നേടി പുറത്തായി.

ബാറ്റിങ്ങിനിറങ്ങിയ ധോണിയടക്കമുള്ളവര്‍ പാടെ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 158 റണ്‍സിന് പുറത്തായി.

പാകിസ്ഥാനായി മുഹമ്മദ് ആമിറും ഹസന്‍ അലിയും മൂന്ന് വിക്കറ്റ് വീതം നേടി. ഷദാബ് ഖാന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഒരു വിക്കറ്റുമായി ജുനൈദ് ഖാനും തന്റേതായ സംഭാവനകള്‍ നല്‍കി.

Content highlight: Mohammed Amir about Virat Kohli’s wicket in 2017 Champions Trophy Final

We use cookies to give you the best possible experience. Learn more