| Saturday, 4th October 2025, 8:10 pm

വിന്‍ഡീസിനെ മുട്ടുകുത്തിച്ചവന് മറ്റൊരു നേട്ടവും; സിറാജ് ഓണ്‍ ഫയര്‍

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായുള്ള ഒന്നാം ടെസ്റ്റില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ ഒന്നാം ഇന്നിങ്സ് ലീഡ് പിന്തുടര്‍ന്നിറങ്ങിയ കരീബിയന്‍ പട മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ തകരുകയായിരുന്നു.

സ്‌കോര്‍

വെസ്റ്റ് ഇന്‍ഡീസ് – 162 & 146

ഇന്ത്യ – 448/5 ഡിക്ലയര്‍

മത്സരത്തില്‍ ഇന്ത്യക്കായി മിന്നും ബൗളിങ് പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് കാഴ്ചവെച്ചത്. രണ്ട് ഇന്നിങ്‌സില്‍ നിന്നായി 71 റണ്‍സ് വിട്ടുനല്‍കി 7 വിക്കറ്റാണ് താരം നേടിയത്. ഇതോടെ ഒരു മിന്നും നേട്ടവും സിറാജ് സ്വന്തമാക്കിയിരിക്കുകയാണ്. ഹോം ടെസ്റ്റില്‍ താരം നേടുന്ന ഏറ്റവും മികച്ച ബൗളിങ് ഫിഗറാണിത്.

ടെസ്റ്റില്‍ 42 മത്സരങ്ങളില്‍ നിന്ന് 195 മെയ്ഡന്‍ ഓവറുകളും 130 വിക്കറ്റുളുമാണ് സിറാജ് നേടിയത്. 3.55 എന്ന എക്കോണമിയും 29.9 എന്ന ആവറേജും ബൗളിങ്ങില്‍ താരത്തിനുണ്ട്. 8 ഫോര്‍ഫര്‍ വിക്കറ്റും അഞ്ച് ഫൈഫര്‍ വിക്കറ്റും സിറാജ് തന്റെ അക്കൗണ്ടിലാക്കിയിട്ടുണ്ട്.

മാത്രമല്ല ഇന്ത്യക്ക് വേണ്ടി ഓള്‍ റൗണ്ട് പ്രകടനം നടത്തിയത് വൈസ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയായിരുന്നു. താരം നാല് വിക്കറ്റുകളും സെഞ്ച്വറിയുമാണ് സ്വന്തമാക്കിയത്. 176 പന്തില്‍ 104 റണ്‍സാണ് നേടിയത്. അഞ്ച് സിക്സും ആറ് ഫോറം അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ജഡ്ഡുവാണ് മത്സരത്തിലെ താരവും.

നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കരീബിയന്‍ പടയെ ഒന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് പുറത്താക്കാന്‍ സാധിച്ചിരുന്നു. 162 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്സ് അവസാനിച്ചത്. 48 പന്തില്‍ 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. താരത്തിന് പുറമെ ഷായ് ഹോപ്പും ( 36 പന്തില്‍ 26) ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സും (43 പന്തില്‍ 24) ഭേദപ്പെട്ട പ്രകടനം നടത്തി.

പിന്നാലെ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനെത്തിയ ഇന്ത്യ തകര്‍ത്തടിച്ചു. മൂന്ന് സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ജഡേജയ്‌ക്കൊപ്പം ധ്രുവ് ജുറെല്‍, കെ.എല്‍. രാഹുല്‍ എന്നിവരാണ് മത്സരത്തില്‍ സെഞ്ച്വറി സ്വന്തമാക്കിയത്. ജുറെല്‍ 210 പന്ത് നേരിട്ട് 125 റണ്‍സ് നേടിയപ്പോള്‍ 197 പന്തില്‍ നൂറ് റണ്‍സാണ് കെ.എല്‍. രാഹുല്‍ അടിച്ചത്.

Content Highlight: Mohammad Siraj In Record Achievement In Home Test Series

We use cookies to give you the best possible experience. Learn more