സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 468 റണ്‍സിന്റെ ശക്തമായ നിലയിലാണ് പ്രോട്ടിയാസ്. സെഞ്ച്വറി നേടിയ സെനുറാന്‍ മുത്തുസ്വാമിയും ഫിഫ്റ്റിയുമായി കളിക്കുന്ന മാര്‍ക്കോ യാന്‍സെനുമാണ് ടീമിനെ മികച്ച നിലയില്‍ എത്തിച്ചത്.
യാന്‍സന്‍ നിലവില്‍ 76 പന്തില്‍ 82 റണ്‍സ് നേടി പുറത്താകാതെ കളത്തില്‍ തുടരുകയാണ്. ഏഴ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെയാണ് താരം കളത്തില്‍ തുടരുന്നത്. മുത്തുസ്വാമി 206 പന്തില്‍ രണ്ട് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടിയാണ് മടങ്ങിയത്.
താരത്തിന്റെ വിക്കറ്റ് നേടിയത് ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജാണ്. മാത്രമല്ല പ്രോട്ടിയാസ് നിരയില്‍ അഞ്ചാമനായി ഇറങ്ങിയ ടോണി ഡി സോര്‍സിയെ 28 റണ്‍സിന് പുറത്താക്കിയതും സിറാജായിരുന്നു. മത്സരത്തില്‍ നിലവില്‍ രണ്ട് വിക്കറ്റ് നേടിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സിറാജിന് സാധിച്ചിരിക്കുകയാണ്.
2025ലെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് മിയാന് എന്ന വിളിപ്പേരുള്ള സിറാജിന് സാധിച്ചത്. ഈ നേട്ടത്തില്‍ സിംബാബ്‌വേ താരം ബ്ലെസിങ് മുസാരബാനിയെ മറികടന്നാണ് സിറാജ് മുന്നിലെത്തിയത്.
മുഹമ്മദ് സിറാജ് (ഇന്ത്യ) – 18 – 43
ബ്ലെസിങ് മുസാരബാനി (സിംബാബ്‌വേ) – 15 – 42
മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ) – 16 – 39
തൈജുല്‍ ഇസ്‌ലാം (ബംഗ്ലാദേശ്) – 11 – 33
മത്സരത്തില്‍ സിറാജിന് പുറമെ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റാണ് നിലവില്‍ നേടിയത്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ട്രിസ്റ്റാന്‍ സ്റ്റബ്ബ്സ് (112 പന്തില്‍ 49), തെംബ ബാവുമ (92 പന്തില്‍ 41), ഏയ്ഡന്‍ മാര്‍ക്രം (81 പന്തില്‍ 38), റിയാന്‍ റിക്കില്‍ട്ടണ്‍ (82 പന്തില്‍ 35) എന്നിവര്‍ മികവ് പുലര്‍ത്തി.
Content Highlight: Mohammad Siraj In Great Record Achievement In Test Cricket