| Tuesday, 21st January 2025, 10:40 am

ജഡേജ ഒറ്റ മത്സരം പോലും കളിക്കില്ല, അവനെ ഒഴിവാക്കി പകരം സിറാജിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉള്‍പ്പെടുത്തണം; തുറന്നടിച്ച് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ചര്‍ച്ചകളും വിവാദങ്ങളും ഉടലെടുത്തിരുന്നു. ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ചുമതലയേല്‍പ്പിച്ചതുമുതല്‍ വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങിയ കരുണ്‍ നായരിനെ ഉള്‍പ്പെടുത്താതും ഇതുവരെ ഒറ്റ അന്താരാഷ്ട്ര ഏകദിനം പോലും കളിക്കാത്ത യശസ്വി ജെയ്‌സ്വാളിനെ ഉള്‍പ്പെടുത്തിയതും ചര്‍ച്ചയായി.

സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ അഭാവമാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ സജീവ ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്.

‘ന്യൂ ബോള്‍ നല്‍കാതിരുന്നാല്‍ സിറാജിന് ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. അവന്‍ ടീമിന്റെ ഭാഗമല്ല എന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ബൗളിങ്ങില്‍ വൈവിധ്യം കൊണ്ടുവരിക എന്നതിനാല്‍ തന്നെ വേറെ വഴിയൊന്നും തന്നെ ഉണ്ടായിരുന്നില്ല.

ന്യൂ ബോളിലും മിഡിലിലും ഡെത്ത് ഓവറുകളിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന ബൗളര്‍മാര്‍ നമുക്കൊപ്പമുണ്ട്. ഈ മൂന്ന് ബൗളര്‍മാരെക്കൊണ്ട് (ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്) നമുക്കത് ചെയ്യാന്‍ സാധിക്കും,’ എന്നാണ് സിറാജിനെ ഒഴിവാക്കിയതില്‍ ക്യാപ്റ്റന്‍ നല്‍കുന്ന വിശദീകരണം.

ഇപ്പോള്‍ മുഹമ്മദ് സിറാജിനെ ടീമിന്റെ ഭാഗമാക്കാത്തതില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്റുമായ ആകാശ് ചോപ്ര. സിറാജിനെ നിര്‍ബന്ധമായും ഇന്ത്യ ടീമിന്റെ ഭാഗമാക്കേണ്ടിയിരുന്നു എന്നും പകരം രവീന്ദ്ര ജഡേജയെ ടീമിന് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു എന്നും ചോപ്ര പറഞ്ഞു.

ആകാശ് ചോപ്ര

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ എന്റെ അഭിപ്രായത്തില്‍ മുഹമ്മദ് സിറാജ് ഉറപ്പായും ടീമിന്റെ ഭാഗമാകേണ്ടിയിരുന്നു. ആര് ടീമിന്റെ ഭാഗമാകാന്‍ പാടില്ലായിരുന്നു എന്നതും ഞാന്‍ പറഞ്ഞുതരാം.

ടീമില്‍ രണ്ട് ഇടംകയ്യന്‍ സ്പിന്നര്‍മാരും ഒരു ഓഫ് സ്പിന്നറുമുണ്ട്. ഈ മൂന്ന് പേരില്‍ ഒരാളെ നിങ്ങള്‍ക്ക് ഒഴിവാക്കാനാകുമായിരുന്നു. അങ്ങനെ ആഗ്രഹിച്ചിരുന്നെങ്കില്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കാനും മുഹമ്മദ് സിറാജിനെ ടീമിന്റെ ഭാഗമാക്കാനും സാധിക്കുമായിരുന്നു,’ ചോപ്ര പറഞ്ഞു.

രവീന്ദ്ര ജഡേജ

‘ഇന്ത്യയ്ക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുമായിരുന്നു, കാരണം ജഡേജയെക്കാള്‍ സിറാജിന്റെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. സിറാജിനെ കൂടുതലായി ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു, അവന് ടീമിനായി കൂടുതല്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കും.

കൂടാതെ ടൂര്‍ണമെന്റില്‍ ജഡേജയ്ക്ക് കാര്യമായ അവസരങ്ങള്‍ ലഭിക്കുമെന്നും ഞാന്‍ കരുതുന്നില്ല. സത്യസന്ധമായി പറയട്ടെ, അവന്‍ ഒറ്റ മത്സരം പോലും കളിച്ചേക്കില്ല. ജഡേജ കളിക്കുന്നില്ലെങ്കില്‍, ടീമില്‍ ഇടം നേടാന്‍ കൂടുതല്‍ സാധ്യതകളുള്ള ഒരു താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമായിരുന്നു,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടം നേടാന്‍ സാധിക്കാതെ പോയതിന് പിന്നാലെ മുഹമ്മദ് സിറാജ് രഞ്ജി ട്രോഫി കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിദര്‍ഭയ്‌ക്കെതിരായ ഹൈദരാബാദിന്റെ അവസാന മത്സരത്തില്‍ സിറാജ് ടീമിലുണ്ടായേക്കുമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

ഫെബ്രുവരി 20നാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് ടീമുകളാണ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യയ്ക്കൊപ്പമുള്ളത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ഫെബ്രുവരി 20 vs ബംഗ്ലാദേശ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

ഫെബ്രുവരി 23 vs പാകിസ്ഥാന്‍ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

മാര്‍ച്ച് 2 vs ന്യൂസിലാന്‍ഡ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

Content highlight: Mohammad Siraj could have replaced Ravindra Jadeja in India’s Champions Trophy squad, says Akash Chopra

We use cookies to give you the best possible experience. Learn more