| Thursday, 28th August 2025, 3:01 pm

ഇനി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ല; തുറന്ന് പറഞ്ഞ് ഇന്ത്യന്‍ പേസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് മുഹമ്മദ് ഷമി. 2023ലെ ലോകകപ്പില്‍ കാലിന് ഗുരുതരമായി പരിക്ക് പറ്റിയ താരം വിശ്രമത്തോടനുബന്ധിച്ച് ഏറെക്കാലം ക്രിക്കറ്റില്‍ നിന്നും മാറിനിന്നിരുന്നു. ശേഷം തിരിച്ചുവരവില്‍ ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പര ഷമി കളിച്ചിരുന്നു. മൂന്നുവര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച താരം രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്.

എന്നാല്‍ അടുത്തിടെ പ്രഖ്യാപിച്ച ഏഷ്യാ കപ്പ് ഇന്ത്യന്‍ സ്‌ക്വാഡില്‍ താരത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനത്തെക്കുറിച്ചും ഏഷ്യാ കപ്പില്‍ തന്നെ അവഗണിച്ചതിനെക്കുറിച്ചും സംസാരിക്കുകയാണ് ഷമി. മാത്രമല്ല തന്റെ ഫിറ്റ്‌നസിനെ കുറിച്ചും വരാനിരിക്കുന്ന ആഭ്യന്തര മത്സരത്തില്‍ തന്നെ സാന്നിധ്യത്തെക്കുറിച്ചും ഷമി പറഞ്ഞു. ന്യൂസ് 24 സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ടീമില്‍ ഞാന്‍ അനുയോജ്യനാണെങ്കില്‍ നിങ്ങള്‍ എനിക്ക് അവസരം തരൂ. ഞാന്‍ എന്നെത്തന്നെ വിശ്വസിക്കുന്നു, എനിക്ക് അവസരം ലഭിക്കുമ്പോള്‍ ടീമിന് ഞാന്‍ എന്റെ പരമാവധി നല്‍കും. എനിക്ക് ദുലീപ് ട്രോഫി കളിക്കാന്‍ കഴിയുമെങ്കില്‍, പിന്നെ എന്തുകൊണ്ട് എനിക്ക് ടി-20 ക്രിക്കറ്റില്‍ കളിച്ചുകൂട?

ഇനി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ കഴിയുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ല. അവര്‍ എനിക്ക് അവസരം നല്‍കിയാല്‍, ഞാന്‍ എന്റെ പരമാവധി നല്‍കും. സെലക്ഷന്‍ എന്റെ കൈകളിലല്ല. എല്ലാ ഫോര്‍മാറ്റുകള്‍ക്കും ഞാന്‍ ലഭ്യമാണ്. ബെംഗളൂരുവില്‍ ഞാന്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി, ഇപ്പോള്‍ ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ ഞാന്‍ തയ്യാറാണ്,’ ഷമി ന്യൂസ് 24 സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

അതേസമയം 2025ലെ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് തിരശീല ഉയരുന്നത്.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: Mohammad Shami Talking About Indian Team And His Role

We use cookies to give you the best possible experience. Learn more