| Sunday, 24th May 2026, 1:55 pm

'മിന്നല്‍ വേഗത്തില്‍ ഷമി എക്‌സ്പ്രസ്' ; ആര്‍ച്ചറെയും വെട്ടി സിംഹാസനത്തില്‍ ഒന്നാമന്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലിലെ നിര്‍ണായക മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വമ്പന്‍ വിജയമായിരുന്നു പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ തട്ടകമായ എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കാണ് പഞ്ചാബിന്റെ ജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സായിരുന്നു നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു. ഈ വിജയത്തോടെ 15 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറാനും പഞ്ചാബിന് സാധിച്ചു.

മത്സരത്തില്‍ ലഖ്‌നൗവിന് വേണ്ടി രണ്ട് വിക്കറ്റുകള്‍ നേടിയത് സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയായിരുന്നു. നാല് ഓവറില്‍ 45 റണ്‍സ് വഴങ്ങിയാണ് താരം വിക്കറ്റ് നേടിയത്. 11.25 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്.

രണ്ടാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ സ്‌ട്രൈക്കര്‍ പ്രിയാന്‍ഷ് ആര്യയെ പൂജ്യത്തിന് പുറത്താക്കിയാണ് താരം മിന്നും പ്രകടനം നടത്തിയത്. ഇതോടെ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ തവണ ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സിലെ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് ഷമിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ രാജസ്ഥാന്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിനെ മറികടന്നാണ് ഷമി മിന്നും നേട്ടത്തിലെത്തിയത്.

ഏറ്റവും കൂടുതല്‍ തവണ ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സിലെ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന താരങ്ങള്‍

മുഹമ്മദ് ഷമി – 6

ജോഫ്ര ആര്‍ച്ചര്‍ – 5

ട്രെന്റ് ബോള്‍ട്ട് – 3

ഭുവനേശ്വര്‍ കുമാര്‍ – 3

ലസിത് മലിംഗ – 3

ഉമേഷ് യാദവ് – 3

ഷമിക്ക് പുറമെ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ലഖ്‌നൗവിന് വേണ്ടി ഒരു വിക്കറ്റ് നേടിയിരുന്നു.

അതേസമയം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് നിര്‍ണായക മത്സരത്തില്‍ വിജയിച്ചുകയറിയത്. 51 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയാണ് അയ്യര്‍ തിളങ്ങിയത്. 11 ഫോറും അഞ്ച് കൂറ്റന്‍ സിക്‌സും അടങ്ങുന്നതായിരുന്നു പഞ്ചാബ് ക്യാപ്റ്റന്റെ ഇന്നിങ്സ്.

അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെടുകയാണെങ്കില്‍ പഞ്ചാബ് പ്ലേ ഓഫിലേക്ക് മുന്നേറും. തുടര്‍ച്ചയായ ആറ് മത്സരങ്ങളുടെ പരാജയങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയം കൈപ്പിടിയിലാക്കിയത്.

Content Highlight: Mohammad Shami In Great Record Achievement In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more