ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഷമി. കളിക്കാന്‍ തയ്യാറായിട്ടും തന്റെ ഫിറ്റ്‌നസിനെക്കുറിച്ച് സെലക്ടര്‍മാര്‍ ചോദിച്ചില്ലെന്ന് ഷമി പറഞ്ഞു. മാത്രമല്ല നിലവില്‍ രഞ്ജി ട്രോഫി കളിക്കാന്‍ കഴിയുമെങ്കില്‍ 50 ഓവര്‍ ഫോര്‍മാറ്റും തനിക്ക് കളിക്കാന്‍ സാധിക്കുമെന്ന് ഷമി കൂട്ടിച്ചേര്‍ത്തു.
‘എന്റെ ഫിറ്റ്‌നസിനെ കുറിച്ച് ഇന്ത്യന്‍ ടീം ഒരിക്കലും എന്നോട് ചോദിച്ചില്ല. അവരെ അപ്‌ഡേറ്റ് ചെയ്യേണ്ടത് എന്റെ ജോലിയല്ല, അവരാണ് ചോദിക്കേണ്ടത്. എനിക്ക് നാല് ദിവസത്തെ ക്രിക്കറ്റ് കളിക്കാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് എനിക്ക് 50 ഓവര്‍ മത്സരം കളിക്കാന്‍ കഴിയില്ല? ഫിറ്റ്‌നസ് ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ രഞ്ജി ട്രോഫി കളിക്കില്ല, ഞാന്‍ എന്‍.സി.എയില്‍ ആയിരിക്കും,’ ഷമി പറഞ്ഞു.
ഓസീസിനെതിരെയുള്ള സ്‌ക്വാഡ് പ്രഖ്യാനത്തിന് ശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഷമിയെ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ഷമി അധികം ഏകദിന മത്സരങ്ങള്‍ കളിക്കാത്തതിനാല്‍ ഷമി കൂടുതല്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്നാണ് അഗാക്കര്‍ നേരത്തെ പറഞ്ഞത്.
Ajit Agarkar
‘അദ്ദേഹം അധികം ക്രിക്കറ്റ് കളിച്ചിട്ടില്ല. ബംഗാളിന് വേണ്ടിയും ദുലീപ് ട്രോഫിയിലും അദ്ദേഹം കളിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന്റെ കഴിവ് നമുക്കെല്ലാവര്‍ക്കും അറിയാം, പക്ഷേ കൂടുതല്‍ മത്സരങ്ങള്‍ അദ്ദേഹം കളിക്കേണ്ടതുണ്ട്,’ അഗാര്‍ക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
2023ലെ ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 7/57 എന്ന തകര്‍പ്പന്‍ ബൗളിങ് ഫിഗറും ഷമി സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടെയായിരുന്നു ഇത്. 5.58 എന്ന എക്കോണമിയിലും 24.1 എന്ന ആവറേജിലുമാണ് ഷമിയുടെ ബൗളിങ് പ്രകടനം. 10 ഫോര്‍ഫറും 6 ഫൈഫറുമാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്.