| Saturday, 20th September 2025, 1:35 pm

ലങ്കക്കെതിരെ ആറാടിയപ്പോള്‍ തകര്‍ന്നത് സൗത്ത് ആഫ്രിക്കയിലുള്ള മില്ലര്‍; നബിയുടെ വെടിക്കെട്ടില്‍ പിറന്നത് വമ്പന്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലേക്കുള്ള മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയമായിരുന്നു ശ്രീലങ്ക സ്വന്തമാക്കിയത്. ദുബായിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു ലങ്ക. ഇതോടെ റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തിരുന്നു.

അതേസമയം അഫ്ഗാന് വേണ്ടി ഏഴാമനായി ഇറങ്ങിയ മുഹമ്മദ് നബി അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനമായിരുന്നു കാഴ്ചവെച്ചത്. വെറും 22 പന്തില്‍ ആറ് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് നബി അടിച്ചുകൂട്ടിയത്. 272.73 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലായിരുന്നു നബി ആറാടിയത്.

19ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 137 റണ്‍സ് എന്ന നിലയിലായിരുന്ന അഫ്ഗാന് വേണ്ടി അവസാന ഓവറില്‍ അഞ്ച് സിക്സുകളാണ് നബി തലങ്ങും വിലങ്ങും പറത്തിയടിച്ചത്. മാത്രമല്ല അവസാന പന്തില്‍ ഒരു സിംഗിളും താരം നേടി. ദുനിത് വെല്ലാലഗെയുടെ ഓവറിലായിരുന്നു നബി തന്റെ മാസ് അറ്റാക്കിങ് നടത്തി ആരാധകരെ ആവേശത്തിലാക്കിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ പ്രകടനവും താരം സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ ഒരു ഫുള്‍മെമ്പര്‍ ടീമിനെതിരെ അവസാന ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് നബിക്ക് സാധിച്ചത്. സൗത്ത് ആഫ്രിക്കയുടെ ഡേവിഡ് മില്ലറിനെ മറികടന്നാണ് നബി ഈ നേട്ടത്തില്‍ ഒന്നാമനായത്.

അന്താരാഷ്ട്ര ടി-20യില്‍ ഒരു ഫുള്‍മെമ്പര്‍ ടീമിനെതിരെ അവസാന ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, ടീം, സ്‌കോര്‍ എന്ന ക്രമത്തില്‍

മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – 31

ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – 28

മാര്‍ലന്‍ സാമുവല്‍സ് – വെസ്റ്റ് ഇന്‍ഡീസ് – 28

ഋതുരാജ് ഗെയ്ക്വാദ് – ഇന്ത്യ – 27

അതേസമയം ഇന്ന് നടക്കുന്ന ആദ്യത്തെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെയാണ് നേരിടുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തീപാറുമെന്ന് ഉറപ്പാണ്. ബി ഗ്രൂപ്പില്‍ നിലവില്‍ മൂന്ന് മത്സരത്തില്‍ നിന്ന് മൂന്നും വിജയിച്ച ലങ്ക ആറ് പോയിന്റാണ് നേടിയത്. ബംഗ്ലാദേശ് മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയം നേടി നാല് പോയിന്റും കീശയിലാക്കി.

Content Highlight: Mohammad Nabi In Great Record Achievement In T20i

We use cookies to give you the best possible experience. Learn more