| Sunday, 25th October 2026, 10:33 pm

ഓപ്പണറാക്കാതെ വൈഭവിനെ മൂന്നാം നമ്പറില്‍ ഇറക്കിയത് ശരിയായ തീരുമാനം; തുറന്നടിച്ച് മുന്‍ താരം

ആദർശ് എം.കെ.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി-20 മത്സരത്തില്‍ വൈഭവ് സൂര്യവംശിയെ മൂന്നാം നമ്പറില്‍ ഇറക്കിയ ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ അനുകൂലിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

നിലവിലുള്ള അഭിഷേക് ശര്‍മ – സഞ്ജു സാംസണ്‍ ഓപ്പണിങ് കൂട്ടുകെട്ടിനെ മാറ്റാതിരുന്നത് ശരിയായ തീരുമാനമായിരുന്നു എന്നാണ് കൈഫിന്റെ നിരീക്ഷണം. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുഹമ്മദ് കൈഫ്, Photo:Cricket Central/x.com

പരിക്കേറ്റ ഇഷാന്‍ കിഷന് പകരമായാണ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ കൗമാരതാരം വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനില്‍ ഇടംനേടിയത്.

എന്നാല്‍ തന്റെ സ്വാഭാവിക ഓപ്പണിങ് സ്ഥാനത്തിന് പകരം മൂന്നാം നമ്പറിലാണ് താരം ബാറ്റിങ്ങിനെത്തിയത്. മത്സരത്തില്‍ 8 പന്തുകള്‍ നേരിട്ട് 4 റണ്‍സ് മാത്രം എടുത്ത താരത്തിന് തിളങ്ങാനായില്ല.

വൈഭവ് സൂര്യവംശി

‘വൈഭവ് കടന്നുപോകുന്ന ഈ ഘട്ടം പരിഗണിക്കുമ്പോള്‍, ഒന്നോ രണ്ടോ ഇന്നിങ്സുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അദ്ദേഹത്തെ വിലയിരുത്തുന്നത് അനീതിയായിരിക്കും.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ താരമാണ് അദ്ദേഹം. മികച്ച ഫോമിലായിരുന്നെങ്കിലും ടീമില്‍ അവസരം ലഭിക്കാന്‍ കാത്തിരിക്കേണ്ടിവന്നു.

സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന ഒരാള്‍ക്ക്, കാത്തിരിക്കാന്‍ ശീലമില്ലാത്ത ഒരാള്‍ക്ക്, ഈ ഇടവിട്ടുള്ള അവസരങ്ങള്‍ പ്രയാസകരമായിരിക്കും. മൂന്നാം നമ്പറില്‍ കളിക്കുന്നതും അദ്ദേഹത്തിന്റെ സ്വാഭാവിക ബാറ്റിങ് പൊസിഷനല്ല.

എന്നാല്‍, ടീമിന്റെ തീരുമാനം ശരിയായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. വൈഭവിനെ ഓപ്പണറാക്കിയാല്‍ മികച്ച ഫോമിലുള്ള അഭിഷേകിന്റെയും സഞ്ജുവിന്റെയും ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കേണ്ടിവരും.

അതേസമയം, ഇഷാന്‍ ടീമില്‍ തിരിച്ചെത്തിയതോടെ ബാറ്റിങ് ക്രമത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തേണ്ടിയും വരും. അങ്ങനെ വന്നാല്‍ ഒരുപാട് അഴിച്ചുപണികള്‍ വേണ്ടിവരും.

എന്നാല്‍ വൈഭവിനെ മൂന്നാം നമ്പറില്‍ ഇറക്കിയതിലൂടെ ബാറ്റിങ് ക്രമത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഒഴിവാക്കാനായി. അതായിരുന്നു ശരിയായ തീരുമാനമെന്നാണ് ഞാന്‍ കരുതുന്നത്,” അദ്ദേഹം പറഞ്ഞു.

Content Highlight: Mohammad Kaif validates the decision to send Vaibhav Suryavanshi in at number three.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more