ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അഞ്ചാമത്തെ ടി-20 മത്സരം ഗാബയില്‍ നടക്കും. പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. മാത്രമല്ല നിര്‍ണായക മത്സരത്തില്‍ വിജയം സ്വന്തമാക്കിയാല്‍ പരമ്പര നേടാനുള്ള അവസരം സൂര്യകുമാര്‍ യാദവിനും സംഘത്തിനുമുണ്ട്.
എന്നിരുന്നാലും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാന്‍ സാധിക്കുമോ എന്നത് വലിയ ചോദ്യ ചിഹ്നമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായി ഇറങ്ങിയത് ജിതേഷ് ശര്‍മയാണ്. വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ എത്തിയതോടെയാണ് നേരത്തെ ഓപ്പണിങ്ങില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജുവിന്റെ സ്ഥാനം അനിശ്ചിതത്വത്തിലാകുന്നത്.
ഇപ്പോള്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് സഞ്ജു സാംസണിനെ ഒഴിവാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ്. ടീമില്‍ ശുഭ്മന്‍ ഗില്‍ ഇല്ലായിരുന്നെങ്കില്‍ സഞ്ജു സാംസണ്‍ കളിക്കുമായിരുന്നെന്നും ഗില്ലിനെ ഭാവി ക്യാപ്റ്റനും കളിക്കാരനുമായി വളര്‍ത്തിയെടുക്കാന്‍ ടീം ലക്ഷ്യമിടുന്നതിനാലാണ് സഞ്ജു സാംസണ്‍ പിന്തള്ളപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ടീമില്‍ ശുഭ്മന്‍ ഗില്‍ ഇല്ലായിരുന്നെങ്കില്‍ സഞ്ജു സാംസണ്‍ കളിക്കുമായിരുന്നു. അതിനെക്കുറിച്ച് ഒരു സംശയവുമില്ല. ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമില്‍ വന്നതിനാല്‍, അദ്ദേഹം എല്ലാ മത്സരങ്ങളിലും കളിക്കും. ഗില്ലിനെ ഭാവി ക്യാപ്റ്റനും കളിക്കാരനുമായി വളര്‍ത്തിയെടുക്കാന്‍ ടീം ലക്ഷ്യമിടുന്നതിനാല്‍, സഞ്ജു സാംസണ്‍ പിന്തള്ളപ്പെടുന്നു.
Gill
അതിനാല്‍ ഐ.പി.എല്ലില്‍ മധ്യനിരയില്‍ കളിക്കുന്ന ജിതേഷ് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളിക്കും. സഞ്ജുവിന്റെ റെക്കോഡ് മികച്ചതാണ്, ഏകദേശം 150 സ്‌ട്രൈക്ക് റേറ്റ്. പക്ഷേ, ബാറ്റിങ് ഓര്‍ഡറിലെ സ്ഥാനം നോക്കിയാണ് അവര്‍ കളിക്കാരെ പിന്തുണയ്ക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
നിലവില്‍ ടി-20യില്‍ 43 ഇന്നിങ്‌സില്‍ നിന്ന് 995 റണ്‍സാണ് സഞ്ജു നേടിയത്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഫോര്‍മാറ്റില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. 25.5 എന്ന ആവറേജിലാണ് താരത്തിന്റെ റണ്‍വേട്ട. 147.4 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. കൂടാതെ മൂന്ന് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും നേടാന്‍ സഞ്ജുവിന് സാധിച്ചു. അതേസമയം ഗില്‍ 32 ഇന്നിങ്‌സില്‍ 808 റണ്‍സാണ് നേടിയത്. 126* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 28 ആവറേജും 139.3 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.