ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും കാഴ്ചവെച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും വിരാട് നിറം മങ്ങിയെങ്കിലും രോഹിത്തിന് പരമ്പരയിലെ താരമാകാന്‍ സാധിച്ചിരുന്നു. സൂപ്പര്‍ താരങ്ങള്‍ 2027 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.
ഇപ്പോള്‍ ഇരു താരങ്ങളേയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ആളുകള്‍ താരങ്ങളുടെ പരാജയങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അവര്‍ ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും കൈഫ് പറഞ്ഞു. മാത്രമല്ല ഡിസംബറില്‍ സൗത്ത് ആഫ്രിക്കയോടുള്ള പരമ്പരയില്‍ രോഹിത്തിനേയും വിരാടിനേയും ആവശ്യമാണെന്നും കൈഫ് പറഞ്ഞത്.
‘ആളുകള്‍ തങ്ങളുടെ പരാജയങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് അവര്‍ക്കറിയാം. ചില സെലക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരും അവര്‍ റണ്‍സ് അടിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ വിമര്‍ശകര്‍ക്ക് അവര്‍ മറുപടി നല്‍കി. അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ശാന്തരുമായിരുന്നു. അവര്‍ ഒരിക്കലും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. സൗത്ത് ആഫ്രിക്കയുടെ ബൗണ്‍സി ട്രാക്കുകളില്‍ നിങ്ങള്‍ക്ക് ഈ രണ്ടുപേരും ആവശ്യമാണ്. ഈ രണ്ടുപേരും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവര്‍ക്കറിയാവുന്നതിനാലാണ് ആളുകള്‍ അവരെ പിന്തുണയ്ക്കുന്നത്,’ കൈഫ് പറഞ്ഞു.
രോഹിത് ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ പരമ്പരയിലെ ആശ്വാസ വിജയം സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ രോഹിത് ശര്‍മ 125 പന്തില്‍ 13 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 121 റണ്‍സാണ് പുറത്താകാതെ നേടിയത്. തന്റെ 33ാം ഏകദിന സെഞ്ച്വറിയാണ് രോഹിത് സിഡ്നിയില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലി 81 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 74* റണ്‍സും നേടിയും തിളങ്ങി.
ഇനി ഇന്ത്യ കളത്തിലിറങ്ങുന്നത് ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരയ്ക്കാണ്. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ 29നാണ് ആരംഭിക്കുക. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി മലയാള സൂപ്പര്‍ താരം സഞ്ജു സാസംണും ടീമിലുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
Content Highlight: Mohammad Kaif Talking About Rohit Sharma And Virat Kohli