| Thursday, 7th May 2026, 12:37 pm

പന്ത് എല്ലാ രീതിയിലും പുറത്താകുന്നു; അഭിപ്രായവുമായി മുഹമ്മദ് കൈഫ്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്. മത്സരത്തിന് മുന്നോടിയി ലഖ്‌നൗ ക്യാപ്റ്റന്‍ റിഷബ് പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കഴിവുണ്ടെങ്കിലും റിഷബ് പന്തിന്റെ ഫോം മികച്ചതല്ലെന്ന് കൈഫ് പറഞ്ഞു. ടീം പരാജയപ്പെടുമ്പോള്‍ ക്യാപ്റ്റന്‍ മാനസികമായി സമ്മര്‍ദത്തിലാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പന്ത് മത്സരങ്ങളില്‍ എല്ലാ രീതിയിലും പുറത്താകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തീര്‍ച്ചയായും, അദ്ദേഹത്തിന് മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കഴിവുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഫോം അത്ര മികച്ചതല്ല. ടീം തോല്‍ക്കുകയാണ്, ടീം തോല്‍ക്കുമ്പോള്‍, നിങ്ങളുടെ ബാറ്റില്‍ നിന്ന് സ്‌കോറുകള്‍ വരുന്നില്ല. മാത്രമല്ല കാര്യങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പോകുന്നില്ലെങ്കില്‍ ഒരു ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ക്ക് മാനസികമായി സമ്മര്‍ദം അനുഭവപ്പെടും.

റിഷബ് പന്ത്. Photo: IndianPremierLeague/x.com

അദ്ദേഹം എല്ലാ രീതിയിലും പുറത്താകുന്നു. പ്രത്യേകിച്ച് ഒരു വീക്ക് പോയിന്റിലോ പാറ്റേണിലോ ആണ് അദ്ദേഹം പുറത്താകുന്നുവെന്ന് തോന്നുന്നില്ല. ചിലപ്പോള്‍ പുള്‍ ഷോട്ട് കളിക്കുമ്പോള്‍ അദ്ദേഹം പുറത്താകും, ചിലപ്പോള്‍ ഫുള്‍ ടോസ് പന്തുകളില്‍ പോലും.

കഴിഞ്ഞ മത്സരത്തില്‍, വില്‍ ജാക്‌സ് അദ്ദേഹത്തെ പുറത്താക്കി, വില്‍ ജാക്‌സ് ഒരു പ്രധാന ബൗളര്‍ എന്ന നിലയില്‍ പോലും അറിയപ്പെടുന്നില്ല. പന്ത് അധികം തിരിയാത്ത ഒരു പിച്ചായിരുന്നു അത്, എന്നിട്ടും അദ്ദേഹം പുറത്തായി,’ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഗെയിം പ്ലാന്‍ എന്ന പരിപാടിയില്‍ മുഹമ്മദ് കൈഫ് പറഞ്ഞു.

ഇന്ന് വിജയം മാത്ര ലക്ഷ്യം വെച്ചാണ് പന്തും സംഘവും കളത്തിലിറങ്ങുന്നത്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ ഒമ്പത് മത്സരത്തില്‍ നിന്ന് രണ്ട് വിജയം മാത്രമാണ് ലഖ്‌നൗവിനുള്ളത്. വെറും നാല് പോയിന്റ് മാത്രം കയ്യിലുള്ള ലഖ്‌നൗവിന് തുടര്‍ മത്സരങ്ങള്‍ എല്ലാം വിജയിച്ചെങ്കിലെ പ്ലേഓഫിലേക്കുള്ള വിദൂര സാധ്യതയെങ്കിലും ഉണ്ടാകുകയുള്ളൂ.

അതേസമയം പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തുള്ള ബെംഗളൂരുവിന് പ്ലേഓഫ് ഉറപ്പിക്കാന്‍ ഈ മത്സരത്തില്‍ വിജയം ഉറപ്പാക്കണം. നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ ആറ് വിജയവും മൂന്ന് പരാജയവുമുള്‍പ്പെടെ 12 പോയിന്റാണ് ബെംഗളൂരുവിനുള്ളത്.

Content highlight: Mohammad Kaif Talking About Rishabh Pant

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more