| Monday, 17th November 2025, 9:19 pm

പ്രോട്ടിയാസിനെതിരായ ഏകദിനത്തില്‍ ഇന്ത്യയെ അവന്‍ നയിക്കും; മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പരകള്‍ക്ക് ശേഷം മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയാണ് നടക്കാനിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 30നാണ് നടക്കുക. പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ പരുക്കാണ് ഇന്ത്യക്ക് വെല്ലുവിളിയായിരിക്കുന്നത്. പ്രോട്ടിയാസിനെതിരായ ആദ്യ ടെസ്റ്റില്‍ പരിക്കിന്റെ പിടിയിലായ ഗില്‍ രണ്ടാം ടെസ്റ്റിലും ഉണ്ടാകില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

ഏകദിനത്തിലും ഗില്ലിന് ഇന്ത്യയെ നയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. രോഹിത് ശര്‍മയെ വീണ്ടും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാക്കില്ലെന്നും ഗില്‍ ഇല്ലെങ്കില്‍ ഇന്ത്യയെ നയിക്കുക കെ.എല്‍. രാഹുല്‍ ആയിരിക്കുമെന്നുമാണ് കൈഫ് അഭിപ്രായപ്പെട്ടത്. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘അവര്‍ രോഹിത് ശര്‍മയെ നായകനാക്കില്ല. രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിച്ചാല്‍ അദ്ദേഹം അത് നിഷേധിക്കും. കെ.എല്‍. രാഹുല്‍ ക്യാപ്റ്റനാവാനുള്ള ഒരു ഓപ്ഷന്‍ ആണെന്ന് ഞാന്‍ കരുതുന്നു. കാരണം അദ്ദേഹം മുമ്പും ക്യാപ്റ്റനായിട്ടുണ്ട്. അദ്ദേഹത്തിന് അനുഭവ പരിചയവുമുണ്ട്. ഏകദിന പരമ്പരയില്‍ അദ്ദേഹം ടീമിനെ നയിക്കുമെന്ന് ഞാന്‍ കരുതുന്നു,’ മുഹമ്മദ് കൈഫ് പറഞ്ഞു.

ആദ്യ ടെസ്റ്റിലെ രണ്ടാം ദിനം കഴുത്തിന് പരുക്കേറ്റാണ് ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായത്. നാല് റണ്‍സ് നേടി ക്രീസില്‍ തുടരവെയാണ് ഗില്ലിന് പരുക്ക് പറ്റിയത്. താരം നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സിലും ബാറ്റ് ചെയ്തില്ല. ഗില്‍ നിലവില്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പരമ്പരയിലെ അവസാന മത്സരം നവംബര്‍ 22ന് ഗുഹാഹത്തിയിലാണ് ആരംഭിക്കുക.

അതേസമയം മത്സരത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ 15 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കാന്‍ സൗത്ത് ആഫ്രിക്കക്ക് സാധിക്കുകയും ചെയ്തു.

Content Highlight: Mohammad Kaif Talking About K.L Rahul

We use cookies to give you the best possible experience. Learn more