| Thursday, 4th June 2026, 6:09 pm

പ്രായം നോക്കാതെ അദ്ദേഹത്തെ ടീമിലേക്ക് തിരികെ വിളിക്കണം: മുഹമ്മദ് കൈഫ്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യന്‍ ടീമിലേക്ക് ഒരുപാട് താരങ്ങള്‍ തിരിച്ചുവരാന്‍ അര്‍ഹതയുണ്ടെന്നും എന്നാല്‍ ടീമില്‍ പരിമിതമായ സ്ഥാനം മാത്രമുള്ളതിനാല്‍ കുറച്ച് താരങ്ങള്‍ക്ക് മാത്രമേ കളിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല വൈഭവിന് ഇനിയും സമയമുണ്ടെന്നും ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരുപാട് കളിക്കാര്‍ ടീമിലേക്ക് തിരിച്ചെത്താന്‍ അര്‍ഹതയുണ്ട്. പക്ഷേ 15 താരങ്ങള്‍ക്ക് മാത്രമേ സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കൂ. അതില്‍ 11 പേര്‍ക്ക് മാത്രമേ കളിക്കാനും കഴിയൂ. വൈഭവിന് ഇനിയും കാത്തിരിക്കാന്‍ സമയമുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് നിലവില്‍ ഒരു ബൗളറുടെ അഭാവമുണ്ട്. ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജിനെ പന്തെറിയിപ്പിക്കാം. പക്ഷേ ഇന്ത്യയ്ക്ക് മൂന്നാം ബൗളറുടേയും നാലാം ബൗളറുടേയും ആവശ്യമുണ്ട്.

ഭുവനേശ്വര്‍ കുമാര്‍ അതിന് യോഗ്യനാണ്. അദ്ദേഹം മികച്ച ലൈനിലും ലങ്തിലുമാണ് ബോള്‍ എറിയുന്നത്. ഭുവിക്ക് ഇപ്പോഴും മികച്ച സ്വിങ് ലഭിക്കുന്നുണ്ട്. ഇതെല്ലാം വര്‍ഷങ്ങളായി അദ്ദേഹം ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹം വീണ്ടും വീണ്ടും തന്റെ കഴിവ് തെളിയിക്കുകയാണ്.

അവന് ഇപ്പോഴും മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ പ്രായം നോക്കാതെ ഭുവനേശ്വറിനെ ടീമിലേക്ക് തിരികെ വിളിക്കണം. സമ്മര്‍ദത്തില്‍ എത്ര മനോഹരമായാണ് അവന്‍ പന്തെറിയുന്നത്. ആര്‍.സി.ബിയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഭുവനേശ്വര്‍. അവന് തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്നതില്‍ ഒരു സംശയവുമില്ല,’ തന്റെ യൂട്യൂബ് ചാനലില്‍ കൈഫ് പറഞ്ഞു.

ഭുവനേശ്വർ കുമാർ. Photo: shebas/x.com

സീസണില്‍ ബെംഗളൂരുവിന് വേണ്ടി നിര്‍ണായക പ്രകടനമാണ് ഭുവി കാഴ്ചവെച്ചത്. 16 മത്സരങ്ങലില്‍ നിന്ന് 28 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒറ്റവിക്കറ്റ് നഷ്ടത്തിനാണ് ഭുവിക്ക് പര്‍പ്പിള്‍ ക്യാപ് നഷ്ടമായത്. ഗുജറാത്തിന്റെ കഗീസോ റബാദ 29 വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തുകയായിരുന്നു. മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റ് നേടിയാണ് റബാദ പര്‍പ്പിള്‍ ക്യാപ്പ് അണിഞ്ഞത്.

ഫൈനലില്‍ നാല് ഓവര്‍ എറിഞ്ഞ് രണ്ട് വിക്കറ്റുകളാണ് ബെംഗളൂരുവിന് വേണ്ടി ഭുവി നേടിയത്. 7.25 എന്ന മിന്നും എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍ (12), ജേസണ്‍ ഹോള്‍ഡര്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

Content Highlight: Mohammad Kaif Supports Bhuvaneshwar Kumar

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more