| Saturday, 3rd October 2026, 9:43 am

ആ മൂന്നുപേരെയും ഒന്നിച്ച് കളിപ്പിക്കണം; വെസ്റ്റ് ഇൻഡീസ് ടി-20 പരമ്പരയ്ക്ക് മുന്നോടിയായി പ്ലെയിങ് ഇലവൻ നിർദേശിച്ച് കൈഫ്

അഞ്ജലി പി.കെ.

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 മത്സരങ്ങൾക്ക് മുന്നോടിയായി വിവിധ കോമ്പിനേഷനെക്കുറിച്ച് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ഒക്ടോബർ 6 ചൊവ്വാഴ്ച ആരംഭിക്കും.ഇന്ത്യൻ ടി-20 ടീം നിലവിൽ ഏഷ്യൻ ഗെയിംസ് 2026 ക്രിക്കറ്റ് മത്സരത്തിൽ കളിക്കുകയാണ്. അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ എന്നിവരെ പ്ലെയിങ് ഇലവനിൽ ഒരുമിച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിനാൽ, വെസ്റ്റ് ഇൻഡീസിനെതിരായ ഹോം പരമ്പരയിലും ഇതേ കോമ്പിനേഷൻ ഉപയോഗിക്കാമെന്നും കൈഫ് പറഞ്ഞു. വി.വി.എസ് ലക്ഷ്മണല്ല, ഗൗതം ഗംഭീറാണ് പരിശീലകനെങ്കിലും, ക്യാപ്റ്റൻ ശ്രേയസ് അയ്യരോട് ഇക്കാര്യം ആവശ്യപെടാനും കൈഫ് പറഞ്ഞു.തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു താരം.

‘വി.വി.എസ്. ലക്ഷ്മൺ മാറി പുതിയ പരിശീലകൻ വന്നാലും ശ്രേയസ് അയ്യർ തന്നെയായിരിക്കുമല്ലോ ക്യാപ്റ്റൻ. അതുകൊണ്ട് സഞ്ജു, അഭിഷേക്, വൈഭവ് എന്നീ മൂന്ന് പേരെയും ഒന്നിച്ച് കളിപ്പിക്കാൻ ശ്രേയസ് തന്നെ തീരുമാനമെടുക്കണം. കോച്ച് മാറിയാലും നല്ലൊരു ടീം കോമ്പിനേഷൻ കിട്ടിയാൽ അത് മാറ്റരുത്. ഈ മൂന്നു പേരിൽ ഒരാൾ ഫോമായാൽ പോലും ഇന്ത്യക്ക് കളി ജയിക്കാം,’ കൈഫ് അഭിപ്രായപ്പെട്ടു.

വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, സഞ്ജു സാംസൺ

സൂര്യവംശിയെപ്പോലുള്ള ഒരു പ്രതിഭയെ അവഗണിക്കരുതെന്നും മൂവരും ഒരുമിച്ച് കളിക്കണമെന്നും കൈഫ് കൂട്ടിച്ചേർത്തു.

‘ഈ മൂന്ന് പേരും ഒരുമിച്ച് കളിക്കണമെന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. വൈഭവ് സൂര്യവംശിയെ മാറ്റാൻ കഴിയില്ല; അവൻ കളിക്കാൻ പൂർണ്ണ സജ്ജനാണ്. ഇനി പ്രത്യേക പരിചരണത്തിന്റെ ആവശ്യമില്ല. വൈഭവ്, അഭിഷേക്, സഞ്ജു എന്നിവർ ഒരുമിച്ച് കളിക്കുന്നത് നമുക്ക് കാണാം.

എങ്കിലും, ഇടത്-വലത് ബാറ്റിങ് കോമ്പിനേഷൻ നിലനിർത്താൻ അഭിഷേകും സഞ്ജുവും തന്നെ ഓപ്പൺ ചെയ്യണമെന്ന നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഇഷാൻ കിഷൻ അഞ്ചാം നമ്പറിലിറങ്ങി 80 റൺസ് നേടിയതിനാൽ ടീമിൽ ബാറ്റിങ് ക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ വഴക്കമുണ്ട്. ഈ കോമ്പിനേഷൻ വിജയകരമാണെന്ന് വി.വി.എസ്. ലക്ഷ്മൺ തെളിയിച്ചതിൽ സന്തോഷമുണ്ട്,’ കൈഫ് വ്യക്തമാക്കി.

2026 ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. ഇന്ന് (ഒക്ടോബര്‍ മൂന്നിന്) ജപ്പാനിലെ കൊറോഗി സ്‌പോര്‍സ് പാര്‍ക്കിലാണ് മത്സരം. സെമി ഫൈനലില്‍ ശ്രീലങ്കക്കെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. മറുഭാഗത്ത് ബംഗ്ലാദേശിനെ വീഴ്ത്തിയാണ് പാകിസ്ഥാന്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.

Content Highlights: Mohammad Kaif speaks about the combination for the T20 match against the West Indies

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more