| Saturday, 14th March 2026, 2:28 pm

യുവതാരങ്ങളേ, ലോകകപ്പ് ഫൈനല്‍ ആണെങ്കില്‍ക്കൂടിയും ബംഗ്ലാ ക്യാപ്റ്റന്‍ ചെയ്തത് നിങ്ങള്‍ ചെയ്യരുത്; വിമര്‍ശിച്ച് കൈഫ്

ആദർശ് എം.കെ.

കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശ് – പാകിസ്ഥാന്‍ ഏകദിന പരമ്പരയിലെ പാക് താരം സല്‍മാന്‍ അലി ആഘയുടെ വിവാദ റണ്‍ ഔട്ടില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ബംഗ്ലാദേശ് നായകന്റേത് ഒട്ടും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഇല്ലാത്ത പ്രവൃത്തിയാണെന്ന് കൈഫ് കുറ്റപ്പെടുത്തി.

എക്‌സിലെഴുതിയ പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘ഇതൊരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണ്. എന്ത് കാരണം കൊണ്ടായാലും ഈ റണ്‍ ഔട്ടിനെ ന്യായീകരിക്കാന്‍ സാധിക്കില്ല. അതും ഒരു ക്യാപ്റ്റന്റെ ഭാഗത്ത് നിന്നും. യുവതാരങ്ങള്‍ ഇതില്‍ നിന്നും ഒരു പാഠം ഉള്‍ക്കൊള്ളണം. ലോകകപ്പ് ഫൈനലിന്റെ നിര്‍ണായക നിമിഷത്തില്‍ ആയാല്‍ പോലും ബംഗ്ലാദേശ് നായകന്‍ ചെയ്തതുപോലുള്ള പ്രവൃത്തി നിങ്ങളൊരിക്കലും ചെയ്യരുത്. സ്‌പോര്‍ട്‌സില്‍ മാന്യതയില്ലെങ്കില്‍ അതൊരിക്കലും സ്‌പോര്‍ട്‌സ് ആകില്ല,’ കൈഫ് പറഞ്ഞു.

മത്സരത്തിന്റെ 39ാം ഓവറിലാണ് വിവാദ റണ്‍ ഔട്ട് പിറവിയെടുത്തത്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുമായി കളത്തില്‍ തുടരവെയാണ് ആഘാ സല്‍മാന്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്താകുന്നത്.

ബംഗ്ലാദേശ് നായകന്‍ മെഹ്ദി ഹസന്‍ മിറാസിന്റെ പന്ത് സ്‌ട്രൈക്കിലുണ്ടായിരുന്ന മുഹമ്മദ് റിസ്വാന്‍ ഡിഫന്‍ഡ് ചെയ്തു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ക്രീസിന് പുറത്തുണ്ടായിരുന്ന സല്‍മാന്‍ അലി ആഘയുടെ കാലില്‍ തട്ടി. സല്‍മാന്‍ പന്തെടുത്തുകൊടുക്കാന്‍ കുനിയവെ അതിവേഗം പന്ത് കൈക്കലാക്കിയ മിറാസ് താരത്തെ റണ്‍ ഔട്ടാക്കുകയായിരുന്നു. വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയും ചെയ്തു.

ഫീല്‍ഡ് അമ്പയര്‍ തീരുമാനമെടുക്കാന്‍ തേര്‍ഡ് അമ്പയറിനോട് സഹായമാവശ്യപ്പെട്ടു. ക്രിക്കറ്റ് റൂള്‍ബുക്ക് പ്രകാരം തേര്‍ഡ് അമ്പയര്‍ കുമാര്‍ ധര്‍മസേന ഔട്ട് വിളിക്കുകയും ചെയ്തു. നിരാശനായാണ് സല്‍മാന്‍ അലി ആഘ കളം വിട്ടത്.

മത്സരത്തില്‍ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമത്തിലൂടെ പാകിസ്ഥാന്‍ വിജയിച്ചിരുന്നു. 243 റണ്‍സായി പുനര്‍നിശ്ചയിച്ച ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 114ന് പുറത്തായി. 128 റണ്‍സിനാണ് പാകിസ്ഥാന്റെ വിജയം.

ഈ വിജയത്തോടെ മൂന്ന് പരമ്പരകളടങ്ങിയ മത്സരത്തിലെ ആദ്യ രണ്ട് മത്സരം അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും പാകിസ്ഥാനായി.

നാളെയാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. മിര്‍പൂരിലെ ഷേര്‍ ഇ ബംഗ്ലയാണ് വേദി.

Content Highlight: Mohammad Kaif slams Bangladesh captain after Salman Ali Agha’s controversial run out

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more