യശസ്വി ജെയ്സ്വാളിന് വൈകാതെ ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് ഇന്ത്യൻ ഇതിഹാസം മുഹമ്മദ് കൈഫ്. താരം ഉടനെ തന്നെ ഓള്‍ ഫോര്‍മാറ്റ് പ്ലെയറായി മാറുമെന്നും ഒരുപാട് പ്രതിഭകള്‍ ഉള്ളതാണ് താരത്തിന് അവസരം കിട്ടാത്തതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നതിനാലാണ് ഇഷാന്‍ കിഷന് ജെയ്സ്വാളിനെക്കാള്‍ മുന്‍ഗണന ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.
‘യശസ്വി ജെയ്സ്വാള്‍ തീര്‍ച്ചയായും കളിക്കും. അവന്‍ എല്ലാ ഫോര്‍മാറ്റുകളിലും തിളങ്ങുന്ന താരമായി മാറും. അവന്റെ സമയവും വരും. ടീമിലേക്ക് 15 പേരെ മാത്രമേ തെരഞ്ഞെടുക്കാന്‍ സാധിക്കൂവെന്ന് അഗാര്‍ക്കര്‍ (അജിത്) പറഞ്ഞത് ശരിയാണ്. നമുക്ക് മികച്ച ഒരുപാട് കളിക്കാരുണ്ട്, അതുകൊണ്ട് തന്നെ ചിലര്‍ക്ക് ഇങ്ങനെ അവസരം നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്.
ജെയ്സ്വാള്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാളെ മാത്രമേ അവര്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. മധ്യനിരയിലും ബാറ്റ് ചെയ്യാന്‍ സാധിക്കും എന്നതുകൊണ്ടാണ് കിഷന് മുന്‍ഗണന ലഭിച്ചത്. ജെയ്സ്വാള്‍ ഒരു മികച്ച ഓപ്പണര്‍ മാത്രമാണ്. കൂടാതെ കിഷന് വിക്കറ്റ് കീപ്പറായും പ്രവര്‍ത്തിക്കാന്‍ സാധിക്കും.
മാത്രമല്ല, ഗംഭീറിന് കിഷനെ ടീമില്‍ വേണമെന്ന താത്പര്യവുമുണ്ട്. ആ ഒരു മുന്‍ഗണനയും അവിടെയുണ്ട്. കഴിഞ്ഞ തവണയും ഞാന്‍ ഇക്കാര്യം പറഞ്ഞതാണ്. കിഷന്റെ ഫോമും മികച്ചതാണ്, അതുകൊണ്ട് തന്നെ ഈ തീരുമാനത്തോട് ഞാന്‍ യോജിക്കുന്നു. ജെയ്സ്വാളിന് അല്പം കൂടി കാത്തിരിക്കേണ്ടി വരും,’ കൈഫ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ചപ്പോള്‍ ജെയ്സ്വാള്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നില്ല. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിന് സെഞ്ച്വറി അടിച്ചതിന് പിന്നാലെയായിരുന്നു താരത്തിന് ടീമില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത്.
Content Highlight: Mohammad Kaif says Yashasvi Jaiswal will be an all format player