2027ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയുടെ സ്ഥാനത്തെക്കുറിച്ചുള്ള നിരവധി ചര്‍ച്ചകളാണ് ക്രിക്കറ്റ് സര്‍ക്കിളുകളിലുള്ളത്. അതിനാല്‍ രോഹിത്തിനെക്കുറിച്ച് ഇപ്പോഴുള്ള ആശയക്കുഴപ്പങ്ങളില്‍ വ്യക്തത വരുത്താന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തയ്യാറാകണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പറയുന്നത്. ക്യാപ്റ്റന്‍ തന്റെ താരങ്ങളെ എല്ലായിപ്പോഴും പിന്തുണയ്ക്കണമെന്നും രോഹിത് ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍മാര്‍ ഇതുതന്നെയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശുഭ്മന്‍ ഗില്‍
‘എല്ലാം ‘കാത്തിരുന്ന് കാണാം’ എന്ന തരത്തിലുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ ഏറെ ആശയക്കുഴപ്പമുണ്ട്. എന്നാല്‍ അതിന് വ്യക്തത വരേണ്ടതുണ്ട്. ലോകകപ്പില്‍ രോഹിത് ശര്‍മയെ ടീമില്‍ വേണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് ശുഭ്മന്‍ ഗില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറയണം.
ടീം തെരഞ്ഞെടുക്കുമ്പോള്‍ ക്യാപ്റ്റനും അതിന്റെ ഭാഗമാണ്. താരങ്ങള്‍ പരസ്പരം ഒരാളുടെ കളിയെക്കുറിച്ച് അറിയുന്നത്ര സെലക്ടര്‍മാര്‍ക്ക് അറിയണമെന്നില്ല. അതുകൊണ്ടുതന്നെ പരിശീലകനെയും സെലക്ടര്‍മാരെയും ബോധ്യപ്പെടുത്തി ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ക്യാപ്റ്റന്‍ മുന്നിട്ടിറങ്ങണം.
വീരേന്ദര്‍ സെവാഗും യുവരാജ് സിങ്ങും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്ന സമയത്തും സൗരവ് ഗാംഗുലി അവര്‍ക്കൊപ്പം ഉറച്ചുനിന്നിരുന്നു. അവര്‍ ശക്തമായി തിരിച്ചുവരുമെന്ന് ഗാംഗുലി വിശ്വസിച്ചിരുന്നു. മഹേന്ദ്ര സിങ് ധോണിയും തന്റെ താരങ്ങളെ പിന്തുണച്ച ക്യാപ്റ്റനാണ്. രോഹിത് ശര്‍മയും അതുതന്നെയാണ് ചെയ്തിട്ടുള്ളത്. ഒരു ക്യാപ്റ്റന്‍ എപ്പോഴും തന്റെ താരങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കേണ്ടതുണ്ട്,’ കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
അതേസമം ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. സീരീസ് ഡിസൈഡറില്‍ മത്സരത്തില്‍ 27 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. നിര്‍ണായക മത്സരത്തില്‍ രോഹിത് ശര്‍മ സെഞ്ച്വറി നേടി തിളങ്ങിയപ്പോള്‍ വിരാട് അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.
2027 ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 27 വരെയാണ് ഏകദിന ലോകകപ്പ് നടക്കുക. ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ടീമിന്റെ ഭാഗമാകാന്‍ ജഡേജയ്ക്ക് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: Mohammad Kaif said that captain Shubman Gill needs to provide clarity regarding Rohit Sharma’s position in 2027