| Wednesday, 8th October 2025, 11:37 pm

രോഹിത്തും വിരാടും ലോകകപ്പിൽ കളിക്കാനർഹർ, ഇരുവരും ഇറങ്ങിയാൽ ഇത് സംഭവിക്കും: മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

രോഹിത് ശർമയും വിരാട് കോഹ്‌ലിയും 2027 ഏകദിന ലോകകപ്പ് കളിക്കാൻ അർഹരെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ്‌ കൈഫ്. ഇരുവരും ടൂർണമെന്റിൽ കളിക്കുകയാണെങ്കിൽ ഇന്ത്യയുടെ അഭിമാനം ഉയരുമെന്നും അവർ മാച്ച് വിന്നിങ്ങ് പ്രകടനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു കൈഫ്.

‘ലോകകപ്പിൽ നിങ്ങൾക്ക് പരിചയ സമ്പന്നരായ താരങ്ങളെ ആവശ്യമാണ്. അവരെ ശരിയായ രീതിയിൽ പരിഗണിച്ചില്ലെന്നോ വിരമിക്കാനോ തീരുമാനിച്ചാൽ അത് അവരുടെ വ്യക്തിഗത ചോയ്‌സാണ്. എന്നാൽ, ലോകകപ്പിൽ ഇരുവരും ഇറങ്ങിയാൽ തീർച്ചയായും അവർ മാച്ച് വിന്നിങ് പ്രകടനങ്ങൾ കാഴ്ചവെക്കും.

അവരുടെ സാന്നിധ്യം ഇന്ത്യയുടെ അഭിമാനം ഉയർത്തും. അവരെ രണ്ടോ മൂന്നോ ഇന്നിങ്സിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നാണ് എന്റെ അഭ്യർത്ഥന,’ കൈഫ് കൂട്ടിച്ചേർത്തു.

അടുത്തിടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമുകളെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ രോഹിത്തും കോഹ്‌ലിയും ഇടം പിടിച്ചിരുന്നു. എന്നാൽ, സ്‌ക്വാഡ് വന്നപ്പോൾ രോഹിത്തിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റി ടീം മാനേജ്‌മന്റ് യുവതാരവും ടെസ്റ്റ് ടീം നായകനുമായ ശുഭ്മൻ ഗില്ലിന് നായകസ്ഥാനം കൈമാറി.

രോഹിത്തും കോഹ്‌ലിയും ടെസ്റ്റിൽ നിന്നും ടി – 20യിൽ നിന്നും വിരമിച്ചിരുന്നു. അവർ ഇരുവരും ഏകദിനത്തിൽ മാത്രമേ കളിക്കുകയുള്ളുവെന്ന് അന്ന് തന്നെ അറിയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും 2027ൽ നടക്കുന്ന 50 ഓവർ ക്രിക്കറ്റ് ലോകകപ്പിൽ കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്.

എന്നാൽ, ഇതിന് സാധ്യതയില്ലെന്നാണ് ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് ശേഷമുള്ള മുഖ്യ സെലക്ഷൻ കമ്മീഷ്ണർ അജിത് അഗാർക്കറിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഇരുവരും ലോകകപ്പിന് ഉണ്ടാവുമോയെന്ന് പറയാനാവില്ലെന്നാണ് അഗാർക്കർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് കൈഫിന്റെ പ്രതികരണം.

അതേസമയം, ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പര ഒക്ടോബർ 19നാണ് തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസീദ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍

Content Highlight: Mohammad Kaif says Rohit Sharma and Virat Kohli deserves to play ODI World Cup 2027 and if they play they match winning performance will come from them

We use cookies to give you the best possible experience. Learn more