| Thursday, 28th May 2026, 7:18 am

യൂണിവേഴ്‌സല്‍ ബോസിനെയാണ് തകര്‍ത്ത് വിട്ടത്; സൂപ്പര്‍ താരത്തിന് പ്രശംസയുമായി മുഹമ്മദ് കൈഫ്

ശ്രീരാഗ് പാറക്കല്‍

ഐ.പിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള എലിമിനേറ്റര്‍ പോരാട്ടത്തില്‍ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ വൈഭവ് സൂര്യവശിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. വൈഭവ് സൂര്യവംശി അത്ഭുത പ്രതിഭയാണെന്നും ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ലിന്റെ റെക്കോഡ് 15 വയസുകാരന്‍ തകര്‍ത്തെന്നും കൈഫ് പറഞ്ഞു.

‘നമ്മള്‍ ഒരു അത്ഭുതം കാണുകയാണ്, ഭാവിയിലെ ഒരു വലിയ താരത്തെയാണ് നമ്മള്‍ കാണുന്നത്, വൈഭവ് സൂര്യവംശി എന്ന വണ്ടര്‍ കിഡ്ഡിനെയാണ് നമ്മള്‍ കാണുന്നത്. ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ലിന്റെ റെക്കോഡ് തകര്‍ത്തു. അദ്ദേഹത്തിന് വെറും 15 വയസ് മാത്രമാണ് ഉള്ളത്. എതിര്‍ കളിക്കാരും ഉടമകളും മുഴുവന്‍ ക്രിക്കറ്റ് ലോകവും കൈയടിക്കുന്നു. ക്രിക്കറ്റില്‍ ഇനിയും മുന്നോട്ട് ഒരുപാട് കാര്യങ്ങളുണ്ട്,’ മുഹമ്മദ് കൈഫ് തന്റെ എക്‌സ് അക്കൗണ്ടില്‍ പറഞ്ഞു.

ഓറഞ്ച് ആര്‍മിക്കെതിരെ വൈഭവ് 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 334.48 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് കുട്ടിത്താരം ഉദയ സൂര്യന്‍മാരെ അടിച്ചുപറത്തിയത്. ഇതോടെ വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് തകര്‍ക്കാനും വൈഭവിന് സാധിച്ചിരുന്നു.

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമായി മാറിയിരിക്കുകയാണ് വൈഭവ്. 2012ല്‍ ഗെയ്ല്‍ നേടിയ 59 സിക്‌സറുകളുടെ റെക്കോഡാണ് വൈഭവ് തകര്‍ത്തത്. 2026ല്‍ 65 സിക്‌സറുളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

മാത്രമല്ല ഈ സീസണില്‍ 600 റണ്‍സും കടന്ന് കുതിക്കാനും വൈഭവിന് സാധിച്ചു. 15 ഇന്നിങ്‌സില്‍ 680 റണ്‍സുമായി നിലവില്‍ താരം ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ ഒന്നാമതാണ്. 242.86 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

അതേസമയം മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 243 റണ്‍സ് സ്വന്തമാക്കിയത്. എന്നാല്‍ മുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 19.2 ഓവറില്‍ 192 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

മത്സരത്തില്‍ വൈഭവിന് പുറമെ ധ്രുവ് ജുറെല്‍ അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. 21 പന്തില്‍ അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം 50 റണ്‍സാണ് റോയല്‍സ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്.

ഹൈദരാബാദ് ബൗളിങ് നിരയില്‍ പ്രഫുല്‍ ഹിന്‍ജെ മൂന്ന് വിക്കറ്റുകള്‍ നേടി തിളങ്ങി. നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ മലിംഗ, ശിവാങ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: Mohammad Kaif Praises Rajathan Royals Super Batter Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more