| Saturday, 14th February 2026, 7:50 am

റിങ്കുവിന് പകരക്കാരന്‍, ആ ചോദ്യത്തിനുത്തരം സഞ്ജു; പുതിയ പദ്ധതിയുമായി സൂപ്പര്‍ താരം

ആദർശ് എം.കെ.

2026 ടി-20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തില്‍ സഞ്ജു സാംസണെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നുതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വീണ്ടും പുതിയ മാനങ്ങള്‍ നല്‍കി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഈ മത്സരത്തില്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മ ഓപ്പണിങ്ങിലേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ ഫിനിഷറുടെ റോളില്‍ സഞ്ജു സാംസണെ പരിഗണിക്കാന്‍ സാധിക്കുമോ എന്നാണ് കൈഫ് ചോദിക്കുന്നത്. മിഡില്‍ ഓര്‍ഡറില്‍ സ്പിന്നിനെ നേരിടാന്‍ സഞ്ജുവിന് സാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കൈഫിന്റെ നിരീക്ഷണം. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് കൈഫ് ഇക്കാര്യം പറയുന്നത്.

മുഹമ്മദ് കൈഫ്

‘സഞ്ജു വളരെ മികച്ച തുടക്കം നല്‍കുന്ന താരമാണ്, അവന്‍ കഴിഞ്ഞ മത്സരത്തില്‍ എട്ട് പന്തില്‍ നിന്നുമാണ് 22 റണ്‍സടിച്ചത്. അതിനര്‍ത്ഥം അവന്‍ തീര്‍ത്തും അഗ്രസ്സീവായി ബാറ്റ് ചെയ്തു എന്ന് തന്നെയാണ്. ഇതുകൊണ്ട് തന്നെ ലൈനപ്പില്‍ സഞ്ജു സാംസണെ എവിടെയങ്കിലും ഉള്‍ക്കൊള്ളിക്കാനാകുമോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.

അഭിഷേക് ശര്‍മ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യട്ടെ. കുഴപ്പമില്ല. എന്നാല്‍ റിങ്കുവിന്റെ സ്ഥാനത്ത് സഞ്ജുവിനെ കൊണ്ടുവരാന്‍ സാധിക്കുമോ? തീര്‍ച്ചയായും. റിങ്കു അധികം ലോകകപ്പ് മത്സരങ്ങള്‍ കളിച്ചിട്ടില്ല, ആകെ രണ്ട് മത്സരങ്ങളാണ് അവന്‍ ലോകകപ്പില്‍ കളിച്ചത്. അവനൊരു മികച്ച താരം തന്നെയാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല.

സഞ്ജു സാംസണ്‍. Photo: BCCI/x.com

എന്നാല്‍ സഞ്ജു ഏറെ അനുഭവസമ്പത്തുള്ള താരമാണ്. അവന്‍ ടീമുകളെ നയിച്ചിട്ടുമുണ്ട്. ഇക്കാരണം കൊണ്ടെല്ലാം തന്നെ റിങ്കുവിന്റെ സ്ഥാനത്ത് സഞ്ജുവിനെ കൊണ്ടുവരാന്‍ സാധിക്കുമോ?’ കൈഫ് ചോദിച്ചു.

‘സഞ്ജു സ്പിന്നിനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഏഷ്യാ കപ്പില്‍ അവന്‍ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ആയിരുന്നു കളിച്ചത്. ഇതിന് മുമ്പ് ഇന്ത്യ പാകിസ്ഥാനെ നേരിട്ടപ്പോള്‍ സഞ്ജു മിഡില്‍ ഓര്‍ഡര്‍ ബാറ്ററായിരുന്നു. ഇന്ത്യ ഇതുപോലെ ഒരിക്കല്‍ക്കൂടി ചിന്തിക്കുമോ?

റിങ്കു രണ്ട് മത്സരം കളിച്ചെന്നും അവന്‍ മികച്ച താരം തന്നെയാണെന്നും ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു. എന്നാല്‍ അഭിഷേകിനെ ടോപ്പ് ഓര്‍ഡറില്‍ നിലനിര്‍ത്തുകയും സഞ്ജുവിനെ മിഡില്‍ ഓര്‍ഡറില്‍ കളിപ്പിക്കുകയും ചെയ്താല്‍ ഒരു മികച്ച സ്പിന്‍ ട്രാക്കില്‍ ഒരു മികച്ച സ്പിന്‍ നിരയ്‌ക്കെതിരെ ഇന്ത്യ കൂടുതല്‍ ശക്തമായ ടീമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ കൈഫ് കൂട്ടിച്ചേര്‍ത്തു.

സഞ്ജു സാംസണ്‍. Photo: BCCI/x.com

പാകിസ്ഥാന്‍ ബൗളിങ് നിര സ്പിന്നിനെയാണ് ആശ്രയിക്കുന്നതെന്നും അവരെ നേരിടാന്‍ സഞ്ജുവിന് സാധിക്കുമെന്നും കൈഫ് പറയുന്നു.

‘പാകിസ്ഥാന്റെ ബൗളിങ് ആക്രമണം സ്പിന്നിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്. പലപ്പോഴും അവര്‍ അഞ്ച് സ്പിന്നര്‍മാരെ കളത്തിലിറക്കിയിട്ടുണ്ട്. മിഡില്‍ ഓവറില്‍ സ്പിന്നിനെ ആര്‍ക്ക് മികച്ച രീതിയില്‍ നേരിടാന്‍ സാധിക്കുമെന്നതാണ് പ്രധാന ചോദ്യം.

ഇന്ത്യയ്ക്ക് സഞ്ജുവിനെ ടീമിന്റെ ഭാഗമാക്കാനാകുമോ, അഭിഷേകിനെ ഓപ്പണിങ്ങില്‍ നിലനിര്‍ത്തി സഞ്ജുവിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് കൊണ്ടുവരാന്‍ സാധിക്കുമോ? ഇക്കാര്യം പരിഗണിക്കാനാകുമോ?’ കൈഫ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Mohammad Kaif on playing Sanju Samson in the middle order instead of Rinku Singh

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more