വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റര്‍മാര്‍ പുലര്‍ത്തുന്ന സമഗ്രാധിപത്യത്തില്‍ ആശങ്കയറിയിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. ബൗളര്‍മാര്‍ക്ക് ഒരു ഇംപാക്ടും ഉണ്ടാക്കാന്‍ സാധിക്കാതെ ബാറ്റര്‍മാര്‍ക്ക് അനുകൂലമായി മാത്രമാണ് മത്സരങ്ങള്‍ മാറുന്നതെന്നും ഇത് പേടിപ്പെടുത്തുന്നതുമാണെന്നാണ് കൈഫ് അഭിപ്രായപ്പെട്ടത്.
എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് കൈഫ് ആഭ്യന്തര ലിസ്റ്റ് എ ടൂര്‍ണമെന്റില്‍ ബാറ്റര്‍മാര്‍ മാത്രം മികച്ച പ്രകടനം നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചത്.
മുഹമ്മദ് കൈഫ്. Photo: X.com
‘തീര്‍ത്തും ആശങ്കാജനകമായ കാര്യങ്ങളാണ് വിജയ് ഹസാരെയില്‍ നടന്നുകൊണ്ടിരിക്കുന്നത്. 350 എന്ന ടാര്‍ഗെറ്റ് പോലും ഒട്ടും സുരക്ഷിതമല്ലാതായി മാറിയിരിക്കുന്നു.
മറ്റ് മത്സരങ്ങളിലെല്ലാം തന്നെ ബാറ്റര്‍മാര്‍ അതിവേഗ സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കുന്നു. ബൗളര്‍മാര്‍ക്ക് ഒരു തരത്തിലുമുള്ള ഇംപാക്ടും ഉണ്ടാക്കാന്‍ സാധിക്കുന്നില്ല.
റണ്‍ നേടുകയെന്നത് അത്രത്തോളം എളുപ്പമുള്ള കാര്യമായി മാറിയോ? നമ്മള്‍ കേവലം ബാറ്റര്‍മാരെ മാത്രമാണോ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്? ആഭ്യന്തര ക്രിക്കറ്റിലേക്ക് അടിയന്തര ശ്രദ്ധ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്,’ കൈഫ് എക്‌സില്‍ കുറിച്ചു.
കൈഫിന്റെ നിരീക്ഷണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരെത്തുന്നുണ്ട്.
ടൂര്‍ണമെന്റില്‍ പിച്ചൊരുക്കുന്നത് കേവലം ബാറ്റര്‍മാര്‍ക്ക് ഡോമിനേഷന് വേണ്ടിയാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ടൂര്‍ണമെന്റിലെ മിക്ക ടീമിന്റെയും ബൗളിങ് യൂണിറ്റ് ശരാശരിയോ അതില്‍ താഴെയോ ആണെന്ന് മറ്റുചിലരും ചൂണ്ടിക്കാട്ടുന്നു.
വിജയ് ഹസാരെ ട്രോഫി
കൈഫിന്റെ നിരീക്ഷണം പരിശോധിക്കുമ്പോള്‍, സീസണില്‍ 39 തവണ ടീമുകള്‍ 300+ സ്‌കോര്‍ സ്വന്തമാക്കി. അതില്‍ 16 തവണ 350+ ടോട്ടലും പിറന്നിരുന്നു.
ഒരു മത്സരത്തില്‍ തന്നെ രണ്ട് ടീമുകളും 400ലധികം റണ്‍സ് നേടുന്ന കാഴ്ചയ്ക്കും പല തവണ ആരാധകര്‍ സാക്ഷ്യം വഹിച്ചു. 550+ റണ്‍സടിച്ച് ടൂര്‍ണമെന്റിന്റെ ചരിത്രം തിരുത്തിയതും ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയുടെ ഹൈലൈറ്റ് വേര്‍ത്തി മൊമെന്റായി.
ബാറ്റര്‍മാരുടെ പ്രകടനത്തില്‍ കയ്യടി ഉയരുമ്പോഴും കൈഫ് ചൂണ്ടിക്കാട്ടിയ ഈ ആശങ്ക പരിശോധിക്കേണ്ടതും പരിഹരിക്കേണ്ടതും തന്നെയാണ്.
Content Highlight: Mohammad Kaif expresses concern over Vijay Hazare Trophy being dominated by batters