| Tuesday, 18th August 2026, 9:58 am

ഇത്തരം സാഹചര്യങ്ങളില്‍ കോമണ്‍സെന്‍സ് ഉപയോഗിക്കണം; സൂപ്പര്‍ താരത്തെ രൂക്ഷമായി വിമര്‍ശിച്ച് കൈഫ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്തിനെ വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഇന്നിങ്‌സില്‍ റിഷബ് പന്ത് പുറത്തായ രീതിയില്‍ തനിക്ക് പരാതിയില്ലെന്നും താരം ആക്രമണ രീതിയിലാണ് കളിക്കാറുള്ളതെന്നും കൈഫ് പറഞ്ഞു. എന്നാല്‍ ന്യൂബോള്‍ കളിക്കുമ്പോള്‍ പന്ത് കുറച്ച് കോമണ്‍സെന്‍സ് ഉപയോഗിക്കണമെന്ന് കൈഫ് ചൂണ്ടിക്കാട്ടി.

‘റിഷബ് പന്ത് പുറത്തായ രീതിയില്‍ എനിക്ക് പരാതിയൊന്നുമില്ല. അദ്ദേഹം അങ്ങനെയാണ് കളിക്കുന്നത്. എന്നാല്‍ ഇവിടെ പരാതിയുള്ളത് കോമണ്‍സെന്‍സിനെക്കുറിച്ചാണ്. ന്യൂബോളിലെ ആദ്യ ഓവറായിരുന്നു അത്. ആ ഓവറില്‍ തന്നെ അദ്ദേഹം മൂന്ന് തവണ ചാടിക്കയറി ഷോട്ട് കളിക്കാന്‍ ശ്രമിച്ചു.

കോമണ്‍സെന്‍സ് എന്നത് കട്ട് ഷോട്ട് കളിക്കുക, ന്യൂബോളിനെ അഞ്ച് മുതല്‍ ആറ് ഓവറെങ്കിലും നേരിടുക എന്നതാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ പാരമ്പര്യവും അതുതന്നെയാണ്. അദ്ദേഹത്തെപ്പോലെ ആക്രമണാത്മകമായി കളിക്കുന്നവര്‍ പോലും ഇത്തരം സാഹചര്യങ്ങളില്‍ കോമണ്‍സെന്‍സ് ഉപയോഗിക്കണം,’ മുഹമ്മദ് കൈഫ് പറഞ്ഞു.

അതേസമയം ലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ലങ്ക 284 റണ്‍സിനും പുറത്തായിരിക്കുകയാണ്.

ഇന്ത്യന്‍ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ നേടി മാനവ് സുതര്‍ തിളങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തു. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

ശ്രീലങ്കന്‍ നിരയില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സോനല്‍ ദിനുഷയാണ്. 168 പന്തുകളില്‍ നിന്നും 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. നാല് ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. നിരോഷന്‍ ഡിക്‌വെല്ല അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. 115 പന്തില്‍ 80 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറുകളായിരുന്നു താരം നേടിയത്.

ഇന്ത്യന്‍ നിരയില്‍ ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി നേടി കരുത്തുകാട്ടി. 230 പന്തുകളില്‍ നിന്നും 15 ഫോറുകളും ഒരു സിക്‌സും അടക്കം 167 റണ്‍സാണ് പടിക്കല്‍ സ്വന്തമാക്കിയത്.

കെ.എല്‍ രാഹുല്‍ 10 ഫോറുകളും ഒരു സിക്‌സും അടക്കം 80 റണ്‍സും ധ്രുവ് ജുറെല്‍ നാല് ഫോറുകളും ഒരു സിക്‌സും അടക്കം 51 റണ്‍സും നേടി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷിറബ് പന്ത് 62 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് പുറത്തായത്.

ശ്രീലങ്കന്‍ ബൗളിങ്ങില്‍ പ്രഭാത് ജയസൂര്യ നാല് വിക്കറ്റും കേഷാര നുവന്ത മൂന്ന് വിക്കറ്റും അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും നേടി തിളങ്ങി.

Content Highlight: Mohammad Kaif Criticize Indian Wicket Keeper Batter Rishabh Pant

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more