| Sunday, 18th October 2026, 11:30 am

വിരാട്, രോഹിത്, ഷമി എന്നിവരുടെ അതേ കാറ്റഗറിയില്‍; ഇന്ത്യയുടെ മിസ്റ്ററി സ്പിന്നറെ കുറിച്ച് കൈഫ്

ആദർശ് എം.കെ.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിന് മുന്നോടിയായി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെക്കുറിച്ചുള്ള നിര്‍ണായക പ്രസ്താവനയുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ താരങ്ങളുടെ അതേ കാറ്റഗറിയിലാണ് ഇപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും ഉള്‍പ്പെടുന്നതെന്ന് കൈഫ് വിലയിരുത്തി.

ക്രിക്ക്ബസില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുഹമ്മദ് കൈഫ്, Photo:Cricket Central/x.com

‘വരുണ്‍ ചക്രവര്‍ത്തിയുടെ ഉയര്‍ന്ന റിലീസ് പോയിന്റും വ്യത്യസ്തമായ പന്തുകളുമെല്ലാം ന്യൂസിലന്‍ഡില്‍ അധിക ബൗണ്‍സ് ലഭിക്കാന്‍ സഹായിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യക്കായി കളിച്ചപ്പോഴെല്ലാം സംഭാവന നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

വരുണ്‍ ചക്രവര്‍ത്തി. Photo: BCCI/x.com

അതിനാല്‍ ആത്മവിശ്വാസവും ഉയര്‍ന്ന നിലയിലായിരിക്കും. എന്നാല്‍ അടുത്തിടെയായി അദ്ദേഹത്തിന് പലപ്പോഴും പരിക്കേല്‍ക്കുന്നുണ്ട്. പ്രായവും കൂടിവരികയാണ്.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരെക്കുറിച്ച് നമ്മള്‍ സംസാരിക്കാറുണ്ട്. ഇപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും ആ ഗണത്തില്‍പ്പെടുന്നു,” മുഹമ്മദ് കൈഫ് പറഞ്ഞു.

”എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കുല്‍ദീപിനേക്കാള്‍ മുന്നിലാണ് വരുണെന്നാണ് എന്റെ വിശ്വാസം. പ്ലേയിങ് ഇലവനെ തെരഞ്ഞെടുക്കുമ്പോള്‍ വരുണിന് തീര്‍ച്ചയായും സ്ഥാനമുണ്ടാകും.

പവര്‍പ്ലേയിലും അതിനുശേഷവും പന്തെറിയാന്‍ അദ്ദേഹത്തിന് കഴിയും. ഇന്ത്യന്‍ ടീമിനായി വിക്കറ്റുകള്‍ വീഴ്ത്താനും അദ്ദേഹത്തിന് സാധിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരുണ്‍ ചക്രവര്‍ത്തി. Photo: BCCI/x.com

പരിക്കിന്റെ പിടിയില്‍ നിന്നും മടങ്ങിയെത്തിയ വരുണ്‍ ചക്രവര്‍ത്തി ന്യൂസിലാന്‍ഡില്‍ തന്റെ ആദ്യ മത്സരങ്ങള്‍ക്കാണ് ഒരുങ്ങുന്നത്. 2026ലെ ടി-20 ലോകകപ്പിന് ശേഷമാണ് വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കുകള്‍ തുടര്‍ച്ചയായുണ്ടായത്. ഐ.പി.എല്ലിലും അതിന് ഏതാനും മാസങ്ങള്‍ക്കുശേഷം നടന്ന ഇംഗ്ലണ്ട് പര്യടനത്തിലും താരം പരിക്കിന്റെ പിടിയിലായി.

പരിക്കില്‍നിന്ന് മോചിതനായി സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ (സി.ഒ.ഇ) പുനരധിവാസ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം അഫ്ഗാനിസ്ഥാനെതിരായ തിരിച്ചുവരവ് മത്സരത്തിലും വരുണിന് പരിക്കേറ്റു. ഇതോടെ 2026ലെ ഏഷ്യന്‍ ഗെയിംസും വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്പരയും താരത്തിന് നഷ്ടമായി.

ടി-20 സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

ടി-20 പരമ്പര

ആദ്യ മത്സരം: ഒക്ടോബര്‍ 22 – ക്രൈസ്റ്റ് ചര്‍ച്ച്

രണ്ടാം മത്സരം: ഒക്ടോബര്‍ 24 – ക്രൈസ്റ്റ് ചര്‍ച്ച്

മൂന്നാം മത്സരം: ഒക്ടോബര്‍ 27 – വെല്ലിങ്ടണ്‍

നാലാം മത്സരം: ഒക്ടോബര്‍ 30 – ഓക്ലാന്‍ഡ്

അവസാന മത്സരം: നവംബര്‍ 1 – ഹാമില്‍ടണ്‍

Content Highlight: Mohammad Kaif about Varun Chakravarthy

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more