| Sunday, 12th July 2026, 10:38 pm

ഇന്ത്യ സഞ്ജുവിന്റെയും വൈഭവിന്റെയും ആത്മവിശ്വാസം തകര്‍ത്തു; വിമര്‍ശനവുമായി മോയിന്‍ അലി

ഫസീഹ പി.സി.

ഇംഗ്ലണ്ട് പരമ്പരയില്‍ ടോപ് ഓര്‍ഡറില്‍ പരീക്ഷണങ്ങള്‍ നടത്തിയതില്‍ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം മോയിന്‍ അലി. സഞ്ജു സാംസണിന് വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയതിന് ശേഷം താരത്തെ തന്നെ നിലനിര്‍ത്തണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇരുവരെയും മാറി പരീക്ഷിച്ചത് സഞ്ജുവിന്റെയും സൂര്യവംശിയുടെയും ആത്മവിശ്വാസം തകര്‍ത്തുവെന്നും ഇത് ഇരുവര്‍ക്കും തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. ബിയേര്‍ഡ് ബിഫോര്‍ വിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മോയിന്‍ അലി.

‘നിങ്ങള്‍ ഒരാളെ ടീമില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍, രണ്ട് മത്സരങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ പുറത്താക്കാന്‍ പാടില്ല. പകരം, ആ താരത്തെ ടീമില്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. സഞ്ജു സാംസണിന്റെയും വൈഭവ് സൂര്യവംശിയുടെയും ആത്മവിശ്വാസമാണ് അവര്‍ ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്.

സൂര്യവംശി രണ്ടു (മൂന്ന്) മത്സരങ്ങള്‍ക്കായി ടീമിലെത്തി, സ്വാഭാവികമായും പുറത്താക്കപ്പെടുകയും ചെയ്തു. അവന് 15 വയസേയുള്ളൂ എന്നതുകൊണ്ട് അത്ര വലിയ പ്രയാസം തോന്നിയിട്ടുണ്ടാകില്ല എന്ന് ഞാന്‍ കരുതുന്നു, ആ പ്രായത്തില്‍ അവര്‍ അമിതമായി ചിന്തിക്കാറില്ല. എന്നാല്‍, ലോകകപ്പിലെ ‘പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്’ ആയിരുന്ന സഞ്ജുവിനെയാണ് പുറത്താക്കിയത്.

കുറച്ചു മത്സരങ്ങളില്‍ കുറഞ്ഞ സ്‌കോര്‍ നേടിയപ്പോള്‍ നിങ്ങള്‍ സഞ്ജുവിനെ ഒഴിവാക്കി. അത് കുഴപ്പമില്ലായിരുന്നു, പക്ഷേ വീണ്ടും അവനെ തിരികെ വിളിച്ചു. അങ്ങനെ വരുമ്പോള്‍ ആ രണ്ടുപേരുടെയും ആത്മവിശ്വാസം നഷ്ടപ്പെടും. ഇത് രണ്ടുപേര്‍ക്കും വലിയ തിരിച്ചടിയാണ്. ഈ നടപടിയോട് എനിക്ക് യോജിപ്പില്ല,’ മോയിന്‍ അലി പറഞ്ഞു.

ടി – 20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അയര്‍ലാന്‍ഡ് പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടി – 20യിലും ചെറിയ സ്‌കോറില്‍ പുറത്തായതോടെ താരത്തിന് ടീമിന് പുറത്തേക്ക് പോവേണ്ടി വന്നു.

അതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ രണ്ടാം മത്സരത്തില്‍ വൈഭവ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. എന്നാല്‍ കളിച്ച മത്സരത്തിലും 15കാരന്‍ പരാജയപ്പെട്ടതോടെ അവസാന ടി – 20യില്‍ സഞ്ജു ഓപ്പണറായി തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോയിന്‍ അലിയുടെ വിമര്‍ശനം.

Content Highlight: Moeen Ali says Indian Cricket Team knock out Sanju Samson’s and Vaibhav Sooryavanshi’s confidence

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

Latest Stories

We use cookies to give you the best possible experience. Learn more