മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റയെ പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് താരം മോയിന്‍ അലി. നെഹ്‌റയെ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബ്രെയ്ന്‍ എന്നാണ് മോയിന്‍ അലി വിശേഷിപ്പിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ നെഹ്‌റയുടെ കീഴില്‍ കളിച്ച അനുഭവത്തെക്കുറിച്ചായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം സംസാരിച്ചത്. ബിയേര്‍ഡ് ബിഫോര്‍ വിക്കറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മോയിന്‍ അലി.
‘ക്രിക്കറ്റിലെ എല്ലാ സാഹചര്യങ്ങളും നന്നായി മനസിലാക്കിയ ഓരോ സാഹചര്യത്തിലും ശരിയായ പരിഹാരം കണ്ടെത്താന്‍ സാധിക്കുന്ന ആളെയാണ് ക്രിക്കറ്റ് ബ്രെയ്ന്‍ എന്ന് പറയുന്നത്. ഒരു താരം എന്തുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കുന്നു, അല്ലെങ്കില്‍ എന്തുകൊണ്ട് ഒരു താരം മികച്ച പ്രകടനം നടത്തുന്നതില്‍ പിറകോട്ട് പോകുന്നു തുടങ്ങിയ എല്ലാ കാര്യങ്ങളും അദ്ദേഹം വ്യക്തമായി വിശദീകരിക്കും.
ഓരോ സാഹചര്യത്തിലും എന്ത് സംഭവിക്കും, എന്ത് ചെയ്യണമെന്നും അദ്ദേഹത്തിന് പ്രവചിക്കാന്‍ സാധിക്കും. അതിന് പിന്നില്‍ ഡാറ്റയോ മറ്റു വ്യക്തമായ തെളിവുകളോ ഉണ്ടാകാം. ഞാന്‍ പറയാന്‍ പോകുന്ന പേര് ആശിഷ് നെഹ്റയെ കുറിച്ചാണ്. ഞാന്‍ ആര്‍.സി.ബിയില്‍ ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹം രണ്ട് വര്‍ഷം ടീമിനൊപ്പം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന് സാധാരണമായ ക്രിക്കറ്റ് അറിവുണ്ട്,’ മോയിന്‍ അലി പറഞ്ഞു.
2018, 2019 എന്നീ രണ്ട് സീസണിലായിരുന്നു ബെംഗളൂരുവിന്റെ ബൗളിങ് കോച്ചായി നെഹ്റ പ്രവര്‍ത്തിച്ചത്. ഈ സമയങ്ങളില്‍ മോയിന്‍ അലി ആര്‍.സി.ബിയുടെ താരമായിരുന്നു. ആര്‍.സി.ബി വിട്ടതിന് ശേഷം ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലക കുപ്പായമായിരുന്നു നെഹ്‌റ അണിഞ്ഞിരുന്നത്.
2022 സീസണില്‍ ആദ്യമായി ഐ.പി.എല്‍ കളിക്കാനെത്തിയ ഗുജറാത്തിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിക്കാന്‍ മുന്‍ ഇന്ത്യന്‍ പേസര്‍ക്ക് സാധിച്ചിരുന്നു. നീണ്ട അഞ്ച് വര്‍ഷക്കാലത്തിനുള്ളില്‍ ഗുജറാത്തിനെ രണ്ട് തവണ റണ്ണേഴ്‌സ് അപ്പായി മാറ്റാനും നെഹ്റക്ക് സാധിച്ചു.
ഇന്ത്യക്ക് വേണ്ടിയും മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് നെഹ്റ. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലുമായി 164 മത്സരങ്ങളില്‍ പന്തെറിഞ്ഞ നെഹ്റ 235 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. 2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തിലും നെഹ്‌റ പങ്കാളികളായിട്ടുണ്ട്.
Content Highlight: Moeen Ali praises former Indian pacer Ashish Nehra