ന്യൂദല്‍ഹി: സുപ്രധാന തീരുമാനങ്ങള്‍ക്ക് പിന്നാലെ രാജ്യം വിടുന്ന ശീലം പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും തെറ്റിച്ചില്ല. മന്ത്രിസഭാ പുനസംഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പേ ചൈനയിലേക്കാണ് മോദി ഇത്തവണ പോയത്.
നേരത്തെ രണ്ടു തവണ മന്ത്രിസഭ പുനസംഘടിപ്പിച്ചതിന് ശേഷവും നോട്ടുനിരോധനം, ജി.എസ്.ടി എന്നിവ പ്രാബല്യത്തില്‍ വന്നപ്പോഴും അദ്ദേഹം രാജ്യം വിട്ടിരുന്നു. പ്രധാനമന്ത്രിയുടെ ഈ അസാധാരണ ശീലത്തെപറ്റി ദേശീയമാധ്യമങ്ങളിലടക്കം ചര്‍ച്ചയാവുകയാണ്.
2014 ഫെബ്രുവരി നവംബര്‍ 21ന് ആദ്യ മന്ത്രിസഭാ പുനസംഘാടനം കഴിഞ്ഞ് അദ്ദേഹം നേരെ പോയത് മ്യാന്‍മാര്‍, ഫിജി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കായിരുന്നു.
ഇതിന് ശേഷം 2016 ജൂലൈ 5ന് വീണ്ടും മന്ത്രിസഭ പുനസംഘടിപ്പിക്കുകയുണ്ടായി. അന്ന് മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് 48 മണിക്കൂറിനകം അദ്ദേഹം മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ എന്നീ രാജ്യങ്ങളിലേക്ക് പറക്കുകയുണ്ടായി.
2016 നവംബര്‍ 8ന് നോട്ടുനിരോധനം പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനകം അദ്ദേഹം ജപ്പാനിലേക്ക് പോയി. കഴിഞ്ഞ ജൂണില്‍ ജി.എസ്.ടി പ്രഖ്യാപിച്ച് 4 ദിവസങ്ങള്‍ക്ക് ശേഷം ഇസ്രായേലിലേക്കാണ് അദ്ദേഹം പോയത്. ജി.എസ്.ടി നടപ്പിലാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ പറയുമ്പോഴായിരുന്നു യാത്ര. മൂന്നു ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് ശേഷം ജി20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഹാംബര്‍ഗിലേക്ക് പോയി.
ഏറ്റവും ഒടുവിലായി ഇന്നത്തെ ചൈനാ സന്ദര്‍ശനവും ക്യാബിനറ്റ് പുനസംഘാടനത്തിന് ശേഷമാണ്. ഇത്തരത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് ഉടനെ പര്യടനം നടത്തുന്നത് പ്രതിച്ഛായ ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്നാണ് വിമര്‍ശനം.