| Sunday, 2nd November 2025, 6:07 pm

തെരഞ്ഞെടുപ്പിന് മുമ്പ് മോദി യോഗ ചെയ്യും; ശേഷം അദാനിയും അംബാനിയും ഡാന്‍സ് ചെയ്യും: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടിനുവേണ്ടി നാടകം കളിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങളെ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം അപ്രത്യക്ഷനാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബീഹാറിലെ ബേഗുസാരായില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് ദിവസം വരെ ജനങ്ങള്‍ എന്തെല്ലാം ആവശ്യപ്പെടുന്നുവോ അതെല്ലാം ചെയ്യാമെന്ന് മോദി വാക്കുനല്‍കും. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അദ്ദേഹം വാഗ്ദാനങ്ങള്‍ പാലിക്കില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

‘വോട്ടിന് വേണ്ടി മോദി എന്തും ചെയ്യും. നിങ്ങള്‍ കുറച്ചുനേരം യോഗ ചെയ്യാന്‍ പറഞ്ഞുനോക്കൂ. അപ്പോള്‍ അദ്ദേഹം ചില ആസനങ്ങള്‍ ചെയ്ത് കാണിച്ചേക്കും. പക്ഷെ തെരഞ്ഞെടുപ്പിന് ശേഷം പാട്ട് പാടുന്നതും നൃത്തം ചെയ്യുന്നതും അദാനിയും അംബാനിയുമായിരിക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ കാണിക്കുന്നതെല്ലാം ഒരു നാടകമാണ്. തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി മോദി ബീഹാറിലേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്യില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ബീഹാറില്‍ മഹാഗത്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.

ഒക്ടോബര്‍ 29 മുതല്‍ ബീഹാറില്‍ ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം മോദിയെ ലക്ഷ്യമിട്ടാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മോദിക്ക് പേടിയാണെന്നും രാഹുല്‍ ഇന്ന് ബേഗുസാരായില്‍ പറഞ്ഞു.

മോദിക്ക് ട്രംപിനെ പേടിയാണെന്ന് മാത്രമല്ല, അദാനിയും അംബാനിയും ചേര്‍ന്നാണ് റിമോട്ട് കണ്‍ട്രോളില്‍ മോദിയെ നിയന്ത്രിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങിയ മോദി സര്‍ക്കാരിന്റെ തീരുമാനങ്ങളെല്ലാം ചെറുകിട ബിസിനസുകളെ നശിപ്പിക്കാനും വന്‍കിട ബിസിനസുകള്‍ക്ക് നേട്ടമുണ്ടാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസിന്റെ സമീപനം അതല്ല. ചെറുകിട ബിസിനസുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം.

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കേള്‍ക്കുക. തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ച് പ്രവര്‍ത്തിക്കുക. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാനാണ് മഹാസഖ്യം ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Content Highlight: Modi will do yoga before elections; Adani and Ambani will dance afterwards: Rahul Gandhi

We use cookies to give you the best possible experience. Learn more