അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഭിനേതാവ് ഇന്ത്യയില്‍ നിന്നായിരിക്കുമെന്നാണ് മേവാനിയുടെ പരിഹാസം.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു മേവാനിയുടെ പ്രതികരണം. ഭീമ കോറേഗാവ്, നരേന്ദ്രമോദിയുടെ കള്ളങ്ങള്‍, കപട ദളിത് സ്നേഹം എന്നീ ഹാഷ് ടാഗുകളോടെയാണ് മേവാനിയുടെ ട്വീറ്റ്.
മഹാരാഷ്ട്ര ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രി പാലിക്കുന്ന മൗനത്തെ വിമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിങ്ങള്‍ക്ക് വെടിവയ്ക്കണമെങ്കില്‍ എന്നെ വെടിവയ്ക്കു, എന്റെ ദളിത് സഹോദരന്മാരെ വെറുതേ വിടൂ എന്നായിരുന്നു ദളിത് വിഭാഗത്തിനെതിരേയുള്ള ആക്രമണങ്ങളെ അപലപിച്ച് മോദി മുമ്പ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മേവാനിയുടെ പരാമര്‍ശം.
അതേസമയം മഹാരാഷ്ട്രയിലെ ദളിത് പ്രതിഷേധം ഗുജറാത്തിലേക്കും പടരുകയാണ്. ഗുജറാത്തിലെ സൂറത്തിലും ഉദ്ദാന മണ്ഡലങ്ങളിലും വലിയ രീതിയിലുള്ള പ്രതിഷേധ റാലികളാണ് ദളിത് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്.
സൂറത്തിലെ ബി.ജെ.പി ഓഫീസിന് മുന്നിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ച് ദളിത് പ്രവര്‍ത്തകര്‍ ബി.ജെ.പി ഓഫീസിന് മുന്‍പില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
പൂനെയില്‍ ദളിതര്‍ക്കെതിരായ സംഘപരിവാര്‍ അതിക്രമത്തിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും ബി.ജെ.പിയുടെ ദളിത് വിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ബി.ജെ.പി ഹെഡ്ക്വാര്‍ട്ടേഴ്സിന് മുന്നിലേക്ക് പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്നും ദളിത് സംഘടനകള്‍ വ്യക്തമാക്കി.
തിങ്കളാഴ്ച പൂനെയ്ക്കടുത്ത് ബീമ കൊരേഗാവ് യുദ്ധത്തിന്റെ 20 ാം വാര്‍ഷികാഘോഷത്തിനിടെയായിരുന്നു ദളിത് മാറാഠി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍മുണ്ടായത്. സംഘര്‍ഷത്തിനിടെ 26 കാരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കിഴക്കന്‍ മുംബൈയിലെ ചെന്‍പൂര്‍, ഗോവന്ദി എന്നിവിടങ്ങളിലും പൂനെയിലും പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു.
പൂനെയില്‍ നടന്ന കൊരെഗാവ് യുദ്ധവാര്‍ഷികത്തിനിടെ ദളിതര്‍ക്ക് നേരെയുണ്ടായ സംഘപരിവാര്‍ അതിക്രമത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് ഔറംഗാബാദ് ഉള്‍പ്പെടെ എട്ടു നഗരങ്ങളില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കുകയും ചെയ്തിരുന്നു.