ന്യൂയോർക്ക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഉപമിച്ച് ന്യൂയോർക്ക് മേയർ പ്രൈമറി തെരഞ്ഞെടുപ്പ് വിജയിയായ സൊഹ്‌റാൻ മംദാനി. ഈ വർഷം ആദ്യം നടന്ന ഒരു പൊതുപരിപാടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിന്റെ ഒരു പഴയ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്.
മോദിയുടെ മാഡിസൺ സ്‌ക്വയർ ഗാർഡൻ റാലിയുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി മോദിയുമായി ഒരു വേദി പങ്കിടുന്നത് പരിഗണിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു മംദാനിയുടെ മറുപടി.
താൻ ഒരിക്കലും മോദിയുമായി വേദി പങ്കിടില്ലെന്ന് പറഞ്ഞ അദ്ദേഹം 2002 ലെ ഗുജറാത്ത് കലാപത്തെ പരാമർശിച്ചുകൊണ്ട് തന്റെ നിലപാടിന് വിശദമായ വിശദീകരണം നൽകി.
‘എന്റെ പിതാവ് ഒരു ഇന്ത്യൻ വംശജനാണ്. ഗുജറാത്തുകാരനാണ്. മുസ്‌ലിമാണ്. ഗുജറാത്തിൽ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യാൻ സഹായിച്ച ഒരാളാണ് നരേന്ദ്ര മോദി. ഗുജറാത്തിൽ മുസ്‌ലിങ്ങൾ ബാക്കിയുണ്ടോ എന്ന് സംശയിക്കത്തക്ക നിലയിൽ അത്രയും ക്രൂരമായ ആക്രമണമായിരുന്നു ഉണ്ടായത്. ഗുജറാത്തി മുസ്‌ലിങ്ങൾ ഇനി ഉണ്ടെന്ന് പോലും ഞങ്ങൾ വിശ്വസിക്കുന്നില്ല. ബെഞ്ചമിൻ നെതന്യാഹുവിനെ പോലെ തന്നെ നമ്മൾ കാണേണ്ട ഒരാളാണിത്. അയാൾ ഒരു യുദ്ധ കുറ്റവാളിയാണ്,’ മംദാനിയുടെ വീഡിയോയിൽ പറയുന്നു.
ഇന്ത്യൻ വംശജനായ ഉഗാണ്ടൻ അക്കാദമിക് മഹ്മൂദ് മംദാനിയുടെയും പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര പ്രവർത്തക മീര നായരുടെയും മകനാണ് 33 കാരനായ മംദാനി. നിലവിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ അദ്ദേഹം 2020 മുതൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ അസ്റ്റോറിയയെ പ്രതിനിധീകരിക്കുന്നുണ്ട്. ഉഗാണ്ടയിൽ ജനിച്ച മംദാനി ഏഴാം വയസിൽ അമേരിക്കയിലേക്ക് താമസം മാറി. പിന്നീട് 2018 ൽ യു.എസ് പൗരനായി.
ഗുജറാത്തി മുസ്‌ലിം പാരമ്പര്യമുള്ള മംദാനി, അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയങ്ങളെക്കുറിച്ച് വളരെക്കാലമായി ശബ്ദമുയർത്തുന്ന വ്യക്തിയാണ്. ബൗഡോയിൻ കോളേജിൽ പഠിക്കുമ്പോൾ ഫലസ്തീൻ അവകാശങ്ങൾക്കുവേണ്ടി അദ്ദേഹം ശബ്ദമുയർത്തിയിട്ടുണ്ട്. അവിടെ അദ്ദേഹം സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ എന്ന സംഘടനയുടെ സഹസ്ഥാപകനായിരുന്നു.
ഇപ്പോൾ 33 വർഷത്തെ ഭരണത്തിന് ശേഷം മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ പ്രൈമറി തെരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കുകയാണ്. പ്രൈമറി തെരഞ്ഞെടുപ്പിന്റെ 90 ശതമാനം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ മംദാനി 43.5 ശതമാനം വോട്ടുകൾ നേടിയിരുന്നു.
റാങ്ക്‌ഡ് ചോയ്‌സ് വോട്ടിങ് സംവിധാനം പിന്തുടരുന്ന ന്യൂയോർക്ക് സിറ്റിയിൽ ആദ്യഘട്ടത്തിൽ 50 ശതമാനം വോട്ട് നേടുന്നയാളാണ് വിജയിയാകുക. ആർക്കും 50 ശതമാനം ലഭിക്കാതെ വന്നാൽ വോട്ടർമാരുടെ സെക്കന്റ് ചോയ്‌സ് നിർണായകമാവും. 11.3 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയ പുരോഗമന ജൂത സ്ഥാനാർഥി ബ്രാഡ് ലാൻഡർ നേരത്തെ തന്നെ മംദാനിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
യു.എസ് മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ അടക്കമുള്ളവരുടെയും വൻകിട വ്യവസായികളുടെയും പിന്തുണ ക്യൂമോയ്ക്ക് ആയിരുന്നു. എന്നാൽ പുതുതലമുറ പ്രധാനമായും മംദാനിക്കൊപ്പം നിന്നു. ന്യൂയോർക്ക് സിറ്റിയിലെ ജീവിതച്ചെലവ് കുറക്കുക എന്നതായിരുന്നു മംദാനിയുടെ പ്രധാന മുദ്രാവാക്യം.
View this post on Instagram
Content Highlight: modi, who carried out Gujarat riots, is like Netanyahu; Old video of Sohran Mandani, who is going to become New York mayor, goes viral