| Sunday, 8th November 2026, 8:17 pm

സായുധരായ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്തു; പക്ഷേ ദിമാഗി നക്‌സലുകള്‍ സംഘടനകളില്‍ നുഴഞ്ഞു കയറിയെന്ന് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജഗദല്‍പൂര്‍: രാജ്യത്ത് സായുധരായ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്‌തെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘടനകളില്‍ ദിമാഗി നക്‌സലുകള്‍ നുഴഞ്ഞു കയറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദിമാഗി നക്‌സലുകള്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെയാവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു.

‘നേട്ടങ്ങള്‍ക്കിടയിലും, നാം ഒരു കാര്യം കൂടി ഓര്‍മ്മിക്കേണ്ടതുണ്ട്. നക്‌സലൈറ്റുകളെ തുടച്ചുനീക്കിയെങ്കിലും, ഭീഷണി പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല. ആയുധധാരികളായ നക്‌സലൈറ്റുകള്‍ വനങ്ങളില്‍ നിന്ന് അപ്രത്യക്ഷരായെങ്കിലും, ദിമാഗി നക്‌സലുകള്‍ പല സംഘടനകളിലും നിയന്ത്രണം കൈക്കലാക്കിയിട്ടുണ്ട്,’ മോദി പറഞ്ഞു.

ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലുള്ള കരന്‍പുരിലെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്) ക്യാമ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. ഇത്തരം ഘടകങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണമെന്നും, അതുവഴി രാജ്യത്തെ സുരക്ഷിതമാക്കണമെന്നും മോദി പറയുന്നു. മാവോയിസ്റ്റുകള്‍ക്കെതിരായ വലിയ വിജയത്തിന് ശേഷമുള്ള ആദ്യ ദീപാവലിയായതിനാല്‍, ഈ ആഘോഷം സവിശേഷമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി മോദി ആദ്യമായി ‘ദിമാഗി നക്‌സലുകള്‍’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. രാജ്യം ‘നക്‌സലിസം എന്ന ഭീഷണിയില്‍ നിന്ന് മുക്തമായി,’ എന്ന് ഈ വര്‍ഷം മാര്‍ച്ച് 31-ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തിന്റെ ശരിയായ നയങ്ങളുടെയും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും വിജയമാണ് മാവോയിസ്റ്റ് ഭീകരതയുടെ ഉന്മൂലനമെന്നും ബസ്തറിലെ ദീപാവലി ആഘോഷത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.

‘ഇന്നും അവര്‍ രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ജനങ്ങളെ ഇളക്കിവിടുന്നുണ്ട്. പല രാഷ്ട്രീയ പാര്‍ട്ടികളിലും വിവിധ സംഘടനകളിലും അവര്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. അവരെ കണ്ടെത്തി പരാജയപ്പെടുത്തുകയും, അതുവഴി രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും വേണം,’ മോദി കൂട്ടിച്ചേര്‍ത്തു.

നക്‌സലൈറ്റുകളുടെയും വിഘടനവാദികളുടെയും സാമ്പത്തിക സ്രോതസ്സുകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുന്ന തീരുമാനങ്ങള്‍ തന്റെ സര്‍ക്കാര്‍ കൈക്കൊണ്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

‘നേരത്തെ ഉണ്ടായിരുന്ന സര്‍ക്കാരുകള്‍, തറനിരപ്പില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ സുരക്ഷാ സേനയുടെ കൈകള്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടക്കുമ്പോള്‍, ശക്തമായി തിരിച്ചടിക്കാന്‍ സുരക്ഷാ സേനയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. എന്നാല്‍, ആവശ്യമായ എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ സുരക്ഷാ സേനയ്ക്ക് നല്‍കി,’ എന്നും മോദി അവകാശപ്പെട്ടു.

Content Highlight: Modi warns against ‘dimagi Naxals’, says threat persists despite elimination of armed Maoists

Latest Stories

We use cookies to give you the best possible experience. Learn more