| Tuesday, 17th October 2017, 2:35 pm

ഗോദ്രയെ കലാപഭൂമിയാക്കേണ്ടത് മോദിയുടെ ആവശ്യമായിരുന്നു; ബി.ജെ.പി നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി സുരേഷ് മെഹ്ത വെളിപ്പെടുത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗോദ്ര കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ ഇടപെടല്‍ വെളിപ്പെടുത്തി മുന്‍ ബി.ജെ.പി നേതാവും ഗുജറാത്ത് മുന്‍മുഖ്യമന്ത്രിയുമായിരുന്നു സുരേഷ് മെഹ്ത. ഗോദ്ര കലാപത്തിലെ തന്റെ ചില നിരീക്ഷണങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് ദ വയറിന് നല്‍കിയ അഭിമുഖത്തിലാണ് മെഹ്ത മോദിക്കെതിരെ രംഗത്തെത്തിയത്.

ഗോദ്ര സംഭവം നടക്കുന്ന 2002 ഫെബ്രുവരി 27ന് ഗോദ്രയിലെ ബി.ജെ.പി എം.പിയായിരുന്ന ഭൂപേന്ദ്ര സിങ് സോളങ്കിയെ താന്‍ കണ്ടിരുന്നെന്നും
സോളങ്കിയെ അടിയന്തരമായി അന്ന് മോദി വിളിപ്പിച്ചിരുന്നെന്നും സുരേഷ് മെഹ്ത പറയുന്നു.


Dont Miss ‘ഗുജറാത്ത് മോഡല്‍ വികസനം’ എന്ന പരിപ്പ് ഇനി വേവില്ല; എല്ലാം വാചകമടി മാത്രം; രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി ഗുജറാത്ത് മുന്‍മുഖ്യമന്ത്രി സുരേഷ് മെഹ്ത


“കഴിവതും വേഗം മണ്ഡലത്തില്‍ എത്തണമെന്നായിരുന്നു മോദി സോളങ്കിയോട് ആവശ്യപ്പെട്ടത്. ബി.ജെ.പിയുടെ മറ്റൊരു നേതാവായ അശോക് ഭട്ടും ഗോദ്രയില്‍ ഉടന്‍ തന്നെ എത്തുമെന്ന് സോളങ്കി എന്നോട് പറഞ്ഞു. സംഭവം എന്താണെന്ന് ഒന്നും മനസിലായില്ല. അസംബ്ലി ചേരേണ്ട ദിവസമായിരുന്നു അന്ന്. അശോക് ഭട്ടിനൊപ്പം മോദിയുടെ ഓഫീസിലേക്ക് ഞാനും ചെന്നു. എന്നാല്‍ എന്നെ കണ്ടയുടനെ അദ്ദേഹം അസ്വസ്ഥനായി. എന്നോട് അവിടെ നിന്നും പുറത്തേക്കിരിക്കാനും ആവശ്യപ്പെട്ടു. ഏതാനും മണിക്കൂറുകള്‍ക്കകമാണ് ഗോദ്രസംഭവം നടന്നതായി ബി.ജെ.പി പ്രവര്‍ത്തകര്‍ എന്നെ അറിയിക്കുന്നത്.

അധികം വൈകാതെ തന്നെ മീഡിയക്കാര്‍ക്ക് മുന്നിലേക്ക് എത്തിയ അശോക് ഭട്ട് ഇത് ഒരു വര്‍ഗീയ സംഭവമാണെന്ന പ്രസ്താവന നടത്തി. കളക്ടറും അതേ പ്രസ്താവന ആവര്‍ത്തിച്ചു.

ഇതിന് ശേഷം മോദി ഹെലികോപ്റ്ററില്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും മുന്‍കൂട്ടി തയ്യാറാക്കിയ തീവ്രവാദ ആക്രമണമാണ് ഇതെന്ന് പറയുകയും ചെയ്തു. സംഭവം നടന്ന് മിനുട്ടുകള്‍ക്കകമായിരുന്നു മോദിയുടെ പ്രസ്താവന. ഇത് സംശയം ജനിപ്പിക്കുന്നതാണെന്നും സുരേഷ് മെഹ്ത പറയുന്നു.

“അന്നത്തെ സാഹചര്യം കലുഷിതമാക്കേണ്ടത് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. അങ്ങനെയല്ലായിരുന്നെങ്കില്‍ സംഭവസ്ഥലത്തെത്തി രണ്ട് മിനുട്ടിനുള്ളില്‍ തന്നെ ഇത്തരമൊരു പ്രസ്താവന എങ്ങനെ അദ്ദേഹത്തിന് നടത്താന്‍ സാധിക്കും? സംഭവത്തെ കുറിച്ച് അദ്ദേഹത്തേക്കാള്‍ ഏറെ കാര്യങ്ങള്‍ അറിയുന്നവരോടൊന്നും സംസാരിക്കുക പോലും ചെയ്യാതെയായിരുന്നു മോദിയുടെ ആ പ്രസ്താവന. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി പിറ്റേദിവസം തന്നെ ശ്രദ്ധാജ്ഞലി പരിപാടി മോദി സംഘടിപ്പിച്ചു. അതിന് പിന്നാലെയാണ് വലിയ കലാപം തന്നെ പൊട്ടിപ്പുറപ്പെടുന്നത്. മോദിക്ക് ഗോദ്രകലാപത്തില്‍ നേരിട്ട് പങ്കുണ്ടോ ഇല്ലയോ എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഇതാണ് എന്റെ നിരീക്ഷണം”- സുരേഷ് മെഹ്ത പറയുന്നു.

ഗോദ്ര കലാപത്തിന് പിന്നാലെ തന്നെ മോദിയുമായി താന്‍ അകന്നെന്നും പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായമെന്നും ഇദ്ദേഹം പറയുന്നു. ഇതിന് പിന്നാലെ 2007 ലാണ് താന്‍ പാര്‍ട്ടി വിടുന്നത്. ഗോദ്ര ട്രെയിനില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച മോദി ഗോദ്രകലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ച് ഒരക്ഷരം പോലും പറയാന്‍ തയ്യാറായിരുന്നില്ല. ഒരു ദിവസത്തെ അസംബ്ലി നിര്‍ത്തിവെച്ചായിരുന്നു മോദി അന്ന് ശ്രദ്ധാജ്ഞലി പരിപാടി നടത്തിയത്. ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ അങ്ങനെയൊരു തരംതിരിവ് നടത്താന്‍ പാടില്ലെന്ന് അന്ന് തന്നെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നെന്നും സുരേഷ് മെഹ്ത വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more