ന്യൂദല്‍ഹി: പാകിസ്ഥാനെതിരായ നടപടികള്‍ ഇന്ത്യ നിര്‍ത്തിവെച്ചത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം അനുസരിച്ചാണെന്ന ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ട്രംപ് ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത് പ്രകാരമാണ് പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ആക്രമിക്കുന്നത് ഇന്ത്യ തല്‍ക്ഷണമായി നിര്‍ത്തിവെച്ചതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ബീഹാറില്‍ നടക്കുന്ന ‘വോട്ട് അധികാര്‍ യാത്ര’യ്ക്കിടെ മസഫര്‍പുരില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി മോദിക്ക് എതിരെ രംഗത്തെത്തിയത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ആണവയുദ്ധത്തിലെത്താത്തതും, ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതും തന്റെ ഇടപെടല്‍ കാരണമാണെന്ന് ട്രംപ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം.
‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ച ദിവസം തന്നെ ഞാന്‍ മോദിയെ ഫോണില്‍ വിളിച്ചു. എന്താണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്? എന്ത് തന്നെയായാലും 24 മണിക്കൂറിനുള്ളില്‍ എല്ലാം നിര്‍ത്തിവെയ്ക്കണമെന്ന് ഞാന്‍ മോദിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ 24 മണിക്കൂറെടുത്തില്ല, കേവലം അഞ്ച് മണിക്കൂറിനുള്ളില്‍ തന്നെ മോദി എല്ലാ നടപടികളും നിര്‍ത്തിവെക്കുകയായിരുന്നു,’ ട്രംപിന്റെ പ്രസ്താവന ഇങ്ങനെ.
വാണിജ്യവും താരിഫും മുന്‍നിര്‍ത്തി താന്‍ ഭീഷണി മുഴക്കിയതോടെയാണ് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തിയ യു.എസ് നടപടി പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു ട്രംപിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
ഒരു രാജ്യവും ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെക്കാന്‍ ഇതുവരെ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് മുന്‍പ് മോദി പാര്‍ലമെന്റിനെ അറിയിച്ചത്.
ഓപ്പറേഷന്‍ സിന്ദൂറിന് ഇടയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതില്‍ മൂന്നാമതൊരു കക്ഷിക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രതികരിച്ചിരുന്നു.
ഇന്ത്യ-യു.എസ് ബന്ധത്തില്‍ താരിഫിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉയരുന്നതിനിടെ ഡൊണാള്‍ഡ് ട്രംപിനോട് ഫോണില്‍ സംസാരിക്കാന്‍ മോദി തയ്യാറാകാതിരുന്നതും ഇതിനിടെ ചര്‍ച്ചയാകുന്നുണ്ട്.
ട്രംപ് നാല് തവണയോളം ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രധാനമന്ത്രി മോദി സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് ജര്‍മന്‍ മാധ്യമമായ ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ഗമെയ്ന്‍ സായ്റ്റുങാണ് റിപ്പോര്‍ട്ട് ചെയ്തത്.
Content Highlight: Modi stopped attacking terror camps in Pakistan after Trump’s words, Rahul Gandhi