ന്യൂദൽഹി: അമേരിക്കയുടെ ഇറാൻ ആക്രമണം ഇന്ത്യൻ അയൽ തീരത്തെത്തീട്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഒരക്ഷരം ഉരിയാടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.
ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റാബുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിലാണ് മോദി ആദ്യമായി അമേരിക്കയുടെ ഇറാൻ ആക്രമണത്തിൽ പ്രതികരിച്ചത്.
‘ഇന്ത്യയും ഫിൻലാൻഡും നിയമവാഴ്ചയിലും ചർച്ചകളിലും നയതന്ത്ര ഇടപെടലിലും വിശ്വസിക്കുന്നു. സൈനിക ആക്രമണത്തിലൂടെ മാത്രം ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്ന കാര്യത്തിൽ ഞങ്ങൾ യോജിക്കുന്നു അത് ഉക്രൈനിലായാലും പശ്ചിമേഷ്യയിലായാലും. സംഘർഷങ്ങൾ വേഗത്തിൽ അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള പിന്തുണ ഞങ്ങൾ തുടർന്നും നൽകും,’ മോദി പറഞ്ഞു.
ഇന്ന് ലോകം അസ്ഥിരതയിലൂടെയും അനിശ്ചിതത്വത്തിലൂടെയുമാണ് കടന്നുപോകുന്നതെന്നും. ഇത്തരമൊരു സാഹചര്യത്തിൽ, ലോകത്തെ പ്രധാന നയതന്ത്ര ശക്തികളായ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധം സുവർണ്ണ കാലഘട്ടത്തിലേക്ക് കടക്കുകയാണെന്നും മോദി പറഞ്ഞു.
വിശാഖപട്ടണത്ത് നടന്ന സൈനീക അഭ്യാസ പ്രകടനത്തിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു ഇറാന്റെ ഐറിസ് ദേന എന്ന യുദ്ധകപ്പൽ അമേരിക്ക തകർത്തത്. ഈ സാഹചര്യത്തിലാണ് ട്രംപിനെ വേദനിപ്പിക്കാതെയുള്ള മോദിയുടെ പ്രതികരണം.
രാജ്യത്തിന്റെ അതിഥികളെ അക്രമിച്ചിട്ടും പ്രതികരിക്കാത്ത മോദിയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു.
‘ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു ഇറാനിയൻ യുദ്ധക്കപ്പൽ മുങ്ങിയിരിക്കുന്നു. എന്നിട്ടും പ്രധാനമന്ത്രി ഒന്നും മിണ്ടിയിട്ടില്ല. ഇത്തരം ഒരു സന്ദർഭത്തിൽ, രാജ്യത്തിന് ഒരു കരുത്തനായ ഭരണാധികാരിയെയാണ് ആവശ്യം. പകരം, നമ്മുടെ തന്ത്രപരമായ സ്വയംഭരണാധികാരത്തെ അടിയറവെച്ച, ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്ന ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യയ്ക്കുള്ളത്,’ രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം ഇന്ത്യയുടെ അതിഥിയായിരുന്നപ്പോഴാണ് കപ്പൽ ആക്രമിക്കപെട്ടതെന്ന ഇറാന്റെ ആരോപണത്തെ ഇന്ത്യ തള്ളിയിരുന്നു.
Content Highlight: Modi speaks about America Iran conflict for the first time