| Sunday, 22nd February 2026, 4:08 pm

ആഗോള ഉച്ചകോടിയെ നാണംകെടുത്തി; രാജ്യത്തെ അപമാനിച്ചു; കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ മോദി

അനിത സി

ന്യൂദല്‍ഹി: എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ ഷര്‍ട്ട് ഊരി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അവഹേളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ നഗ്നരാണ്, പിന്നെ എന്തിനാണ് വസ്ത്രമഴിച്ച് പ്രതിഷേധിച്ചതെന്ന് മോദി പരിഹസിച്ചു. മീററ്റില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

നഗ്നമായി പ്രതിഷേധിച്ചതിലൂടെ വിദേശികള്‍ക്ക് മുന്നില്‍ രാജ്യത്തെ നാണംകെടുത്തി. കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയത്തിനായി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട പരിപാടിയെ ഉപയോഗിക്കുകയായിരുന്നുവെന്നും മോദി ആരോപിച്ചു.

സ്വന്തം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് കോണ്‍ഗ്രസ്. രാജ്യത്തിനുള്ളിലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്ത്യയുടെ വിജയം ദഹിക്കാന്‍ കഴിയുന്നില്ല. എ.ഐ ഉച്ചകോടി ബി.ജെ.പിയുടെ പരിപാടിയല്ലെന്ന് കോണ്‍ഗ്രസ് ഓര്‍ക്കേണ്ടതായിരുന്നുവെന്നും മോദി പറഞ്ഞു.

രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടി ഇക്കാലത്ത് വളരെയേറെ അധപതിച്ചിരിക്കുകയാണെന്നും പ്രത്യയശാസ്ത്രപരമായി പാപ്പരത്തം നേരിടുകയാണെന്നും മോദി പറഞ്ഞു.

വെള്ളിയാഴ്ചയാണ് എ.ഐ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് ഒരുകൂട്ടം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു. മോദിയുടെയും ട്രംപിന്റെയും ചിത്രം പതിച്ച ടീഷർട്ട് കയ്യിൽ പിടിച്ച് വേദിയിലേക്കെത്തിയ ഇവർ ഇന്ത്യ-യു.എസ് വ്യാപാര കരാർ, എപ്സ്റ്റീൻ ഫയൽസ്, പ്രധാനമന്ത്രി കീഴടങ്ങി തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ  പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള നിരവധി പാര്‍ട്ടികള്‍ രാജ്യത്തിനെ നാണംകെടുത്തുന്ന പ്രവൃത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തതെന്ന് കുറ്റപ്പെടുത്തിയിരുന്നു.

എസ്.പി നേതാവ് അഖിലേഷ് യാദവും ബി.എസ്.പി നേതാവ് മായാവതിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗമോഹന്‍ റെഡ്ഡിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിക്കാന്‍ മറ്റ് വഴികള്‍ തേടാമായിരുന്നെന്ന് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, കേന്ദ്രസര്‍ക്കാരിന് ലജ്ജയില്ലാത്ത സാഹചര്യത്തില്‍ ഷര്‍ട്ടില്ലാതെ തെരുവിലിറങ്ങുന്നതില്‍ എന്താണ് തെറ്റെന്ന് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍ ചോദിച്ചിരുന്നു.

ഈ പുതിയ തരം ഇന്ത്യയില്‍ രാജ്യത്തെ കര്‍ഷകരെയും സൈനികരെയും ഊര്‍ജതാത്പര്യങ്ങളെയും വിദേശശക്തികള്‍ക്ക് മുന്നില്‍ വെച്ച് കീഴടങ്ങുന്നത് ദേശസ്‌നേഹമാണ്. എന്നാല്‍ അതിനെതിരായ സമാധാനപരമായ പ്രതിഷേധം രാജ്യദ്രോഹമാ
ണെന്നും കനയ്യ പറഞ്ഞു.

Content Highlight: Modi slams Congress for ’embarrassing’ global AI summit, insulting country

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more