ന്യൂദല്‍ഹി: നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ വിവാദങ്ങള്‍ക്കും ഐ.ഐ.ടി റൂര്‍ക്കിയിലെ ഡാറ്റാ ചോര്‍ച്ചയ്ക്കും പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്നത് വ്യവസ്ഥാപിതമായ പരാജയമാണെന്നും, ഇത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയും മാനസികാരോഗ്യവും തകര്‍ക്കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സി.ജെ.പി നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നീറ്റ്-യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ച, സി.ബി.എസ്.ഇ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് വിവാദം, ഐ.ഐ.ടി റൂര്‍ക്കിയിലെ ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം എന്നിവയില്‍ കൃത്യമായ ഉത്തരവാദിത്തം നിശ്ചയിക്കണമെന്ന് സി.ജെ.പി വക്താക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും ആവശ്യപ്പെട്ടു.
രാജ്യത്ത് നടന്ന ഡാറ്റാ ചോര്‍ച്ചകളുടെ പട്ടികയും അതിന്റെ ഗുണഭോക്താക്കള്‍ ആരെന്ന വിവരവും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയും മൂല്യനിര്‍ണയത്തിലെ അപാകതകളും ഒരു സ്ഥിരം രീതിയായി മാറിയിരിക്കുകയാണെന്ന് സി.ജെ.പി കുറ്റപ്പെടുത്തി.
ശാസ്ത്രബോധവും പ്രാപ്തിയുമുള്ള വ്യക്തികളെ ഇത്തരം നിര്‍ണായക പദവികളില്‍ നിയമിക്കുന്നതിന് പകരം, ഗംഗാജലത്തെക്കുറിച്ച് ഗവേഷണം നടത്തുമെന്ന് അവകാശപ്പെടുന്നവരെയും വ്യാജ ബിരുദ ആരോപണങ്ങള്‍ നേരിടുന്നവരെയുമാണ് സര്‍ക്കാര്‍ നിയമിക്കുന്നതെന്ന് വക്താക്കള്‍ ആരോപിച്ചു.
നിലവിലെ വിദ്യാഭ്യാസ മന്ത്രി തികച്ചും അപ്രാപ്തനാണെന്നും, വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും അശുതോഷ് രങ്ക ആവശ്യപ്പെട്ടു. ഇത് അടുത്തതായി വരുന്ന മന്ത്രിക്കുള്ള ശക്തമായ ഒരു മുന്നറിയിപ്പായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരുന്ന ജൂണ്‍ ആറിന് രാജ്യതലസ്ഥാനത്ത് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.ജെ.പി അറിയിച്ചു. സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കെ ഇന്ത്യയില്‍ തിരിച്ചെത്തുന്ന ഈ ദിവസം പ്രതിഷേധ പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് അവര്‍ ദല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷാ പേപ്പറുകള്‍ ചോര്‍ന്ന പശ്ചാത്തലത്തില്‍, ഈ പ്രതിഷേധം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടിയുള്ളതാണെന്നും പാര്‍ട്ടി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
Content Highlight: Modi should sack Education Minister, it should be an example for the next minister: CJP