ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌വിരുദ്ധ പരാമര്‍ശത്തെ അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വോട്ടിന് വേണ്ടി ബി.ജെ.പി വിദ്വേഷം പ്രചരിപ്പിക്കുകയാണ്.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി എവിടെ പോയാലും, അത് ബീഹാറോ ഒഡീഷയോ ആണെങ്കിലും തമിഴരോട് വിദ്വേഷം പ്രകടിപ്പിക്കുന്നു. അതിനെ ശക്തമായി അപലപിക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി പ്രധാനമന്ത്രി സ്വന്തം സ്ഥാനത്തിന്റെ അന്തസ് കളയരുതെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ഈ രാജ്യത്തെ എല്ലാവരുടെയും ബഹുമാന്യനായ പ്രധാനമന്ത്രിയാണ് താനെന്ന് മിസ്റ്റർ നരേന്ദ്ര മോദി പലപ്പോഴും മറക്കുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന് എല്ലാവരോടും ഉത്തരവാദിത്തമുണ്ട്.
മോദി പലപ്പോഴും മറന്നുപോകുന്ന ഉത്തരവാദിത്തം തമിഴന്‍ എന്ന നിലയില്‍ ഓര്‍മിപ്പിക്കുകയാണ്. ഇത്തരം പ്രസംഗങ്ങളിലൂടെ തന്റെ പദവിയുടെ അന്തസ് നഷ്ടപ്പെടുത്തരുതെന്ന് വേദനയോടെ അഭ്യര്‍ത്ഥിക്കുകയാണെന്നും എക്‌സ് പോസ്റ്റിലൂടെ സ്റ്റാലിന്‍ പറഞ്ഞു.
ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും ഇടയിലും തമിഴര്‍ക്കും ബീഹാറികള്‍ക്കുമിടയിലും ശത്രുതയുണ്ടാക്കാനുള്ള ഇത്തരത്തിലുള്ള നിസാര രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കൂവെന്നും സ്റ്റാലിന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടില്‍ സമാധാനപരമായി പ്രവൃത്തിക്കുന്ന ആയിരക്കണക്കിന് ബീഹാര്‍ സഹോദരങ്ങള്‍ക്ക് എതിരെ വെറുപ്പും ഭിന്നതയും പടര്‍ത്താനായി പ്രധാനമന്ത്രി മോദി ശ്രമങ്ങള്‍ തുടരുകയാണെന്ന് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോറും പ്രതികരിച്ചു.
ആര്‍.എസ്.എസിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണിതെന്ന് ടാഗോര്‍ എക്‌സിലൂടെ അഭിപ്രായപ്പെട്ടു.
അതേസമയം, ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചാണ് മോദി തമിഴ്‌നാടിനെതിരെ രംഗത്തെത്തിയത്. ‘തമിഴ്‌നാട്ടിലെ കഠിനാധ്വാനികളായ ബീഹാറി തൊഴിലാളികളോട് അവര്‍ മോശമായി പെരുമാറി’ എന്നാണ് മോദി പറഞ്ഞത്.
തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയവിവാദത്തിനാണ് ഈ പരാമര്‍ശം കാരണമായിരിക്കുന്നത്. ഡി.എം.കെയും കോണ്‍ഗ്രസും മോദിയെ തള്ളി രംഗത്തെത്തിയപ്പോള്‍ അനുകൂലിക്കുന്ന പ്രസ്താവനകളുമായി തമിഴ്‌നാട് ബി.ജെ.പിയും കളത്തിലുണ്ട്.
ബീഹാറിലെ കഠിനധ്വാനികളായ ജനങ്ങളെ ഡി.എം.കെക്കാര്‍ പീഡിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് പൂര്‍ണമായും സത്യമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈ പ്രതികരിച്ചു. തമിഴ്‌നാട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഡി.എം.കെ നേതാക്കള്‍ പലതവണ ബീഹാറികളെ പരിഹസിക്കുകയും ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് അണ്ണാമലൈ ആരോപിച്ചു.
Content Highlight: ‘Modi should not lose dignity for votes: Do welfare work without creating hatred’: MK Stalin